79.82 കോടി ലാഭവിഹിതം സര്‍ക്കാരിന് കൈമാറി സിയാല്‍
നെടുമ്പാശേരി: സിയാല്‍ (കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ്) കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്ത ലാഭവിഹിതമായ 79.82 കോടി രൂപ സർക്കാരിന് കൈമാറി.2024–25 സിയാലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയർന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയ വർഷമാണ്.
1,142 കോടി രൂപയും ലാഭം 489.84 കോടി രൂപയുമാണ് കമ്പനിയുടെ മൊത്തവരുമാനം. 50 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് വീതിച്ചുനല്‍കാൻ ഡയറക്ടർ ബോർഡ് യോഗം ശിപാർശ ചെയ്തിരുന്നു.സിയാലിലെ ഏറ്റവും വലിയ നിക്ഷേപകർ 33.38 ശതമാനം ഓഹരി പങ്കാളിത്തമുള്ള സംസ്ഥാനസർക്കാരാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ലാഭവിഹിതമാണ് സർക്കാരിന് കൈമാറിയത്. സിയാല്‍ ഡയറക്ടർമാർ കൂടിയായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജൻ തുടങ്ങിയവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. ചടങ്ങില്‍ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവരും പങ്കെടുത്തു.
