September 25, 2026

മൂന്നാം പാദത്തിൽ പി വി റീട്ടെയിൽ വിൽപ്പന കുതിച്ചുയരുമെന്ന് ടാറ്റ

0
images (2) (8)

ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം (പിവി) റീട്ടെയില്‍ വില്‍പ്പനയില്‍ മികച്ച വളര്‍ച്ച വേഗത നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (FADA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഉത്സവ കാലത്തെ ആവശ്യകതയില്‍ ശക്തി ഉണ്ടാകുന്നതോടെ, പിവി റീട്ടെയില്‍ വില്‍പ്പന ഒക്ടോബറില്‍ 32 ശതമാനം ഉയരുകയായിരുന്നു, ഇത് 4,83,159 യൂണിറ്റുകള്‍ വരെ എത്തി. 42 ദിവസത്തെ ഉത്സവ കാലയളവില്‍ സെഗ്മെന്റ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.അതേസമയം, സെപ്റ്റംബറില്‍ പിവി റീട്ടെയില്‍ വില്‍പ്പന 19 ശതമാനം ഇടിഞ്ഞ് 2,75,681 യൂണിറ്റുകളായി കുറഞ്ഞിരുന്നു. മുംബൈ ആസ്ഥാനമായുള്ള ടാറ്റ മോട്ടോഴ്സ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ പിവി വോളിയം 6 ശതമാനം കുറയുകയും 1,30,500 യൂണിറ്റുകളായി എത്തുകയും ചെയ്തിരുന്നു.”മൂന്നാം പാദത്തില്‍, ഉത്സവകാലവും വര്‍ഷാവസാന കാലത്തോടനുബന്ധിച്ചുള്ള ആവശ്യമൂലം ചില്ലറ വില്‍പ്പന വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്‍ഡസ്ട്രി മൊത്തവ്യാപാരം റീട്ടെയിലിനേക്കാള്‍ കുറവായിരിക്കും, അതിനാല്‍ പുതിയ വര്‍ഷം തുടങ്ങുന്നതിന് മുമ്പ് ചാനല്‍ ഇന്‍വെന്ററി കുറയ്ക്കാന്‍ കഴിയും, ഇത് വ്യവസായത്തിന് ഗുണകരമായിരിക്കും,” ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.പുതിയ മോഡലുകള്‍ അവതരിപ്പിച്ച്, റീട്ടെയില്‍ വില്‍പ്പന വളര്‍ത്തുന്നതില്‍ കമ്പനി ശ്രദ്ധ ചെലുത്തുമെന്നും വിപണന കാമ്പെയ്നുകള്‍ അതിന് പിന്തുണയായുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാരിയര്‍ ഇവി, സിയറ ഇവി എന്നിവയുള്‍പ്പെടെ ടാറ്റ മോട്ടോഴ്സ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ മോഡലുകളും നവീകരണങ്ങളും വിപണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡീലര്‍മാര്‍ക്ക് വാഹന വിതരണം കുറച്ചതിനെ തുടര്‍ന്ന്, ഭൂരിഭാഗം ഡീലര്‍മാരുടെയും ഇന്‍വെന്ററി തലങ്ങള്‍ 30 ദിവസത്തിലേക്ക് താഴ്ന്നു, ഒക്ടോബറിലെ മികച്ച റീട്ടെയില്‍ വില്‍പ്പന ഇത് സാദ്ധ്യമാക്കിയതായി അദ്ദേഹം പറഞ്ഞു. ഇന്‍വെന്ററി കുറയ്ക്കുന്നത് ഡീലര്‍മാരുടെ സാമ്പത്തിക ചെലവ് കാര്യമായി കുറയ്ക്കുമെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *