ഇറ്റലിയിലേക്ക് നേഴ്സുമാരെ അയക്കാനുള്ള പദ്ധതിയുമായി കേരള സർക്കാർ

കേരള സർക്കാരിന്റെ 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയെ കുറിച്ച് ഡൽഹിയിൽ ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡർ എച്ച്.ഇ ആന്റോണിയോ ബാർട്ടോളിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രത്യേക പ്രതിനിധി കെ.വി തോമസ് വെളിപ്പെടുത്തി.ഇറ്റലിയിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് അംബാസഡർ പറഞ്ഞു. എന്നാൽ നഴ്സുമാർക്ക് ഇംഗ്ലീഷിനൊപ്പം ഇറ്റാലിയൻ ഭാഷ പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നോർക്ക റൂട്സ് മുഖേന 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള താൽപര്യം ഇറ്റലി പ്രകടിപ്പിച്ചിട്ടുണ്ടെന്നും, അതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു.
ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ഇറ്റാലിയൻ അംബാസഡറും മറ്റ് ഇറ്റാലിയൻ സ്ഥാപനങ്ങളും പങ്കെടുക്കും. കൂടാതെ കേരളം സന്ദർശിക്കുമ്പോൾ കോവള ബീച്ചും ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും, ഇന്ത്യയിലെ ആദ്യ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയും സന്ദർശിക്കുമെന്നും അംബാസഡർ അറിയിച്ചു.