ജർമ്മനിയിൽ സൗജന്യ നഴ്സിംഗ് പഠനം; നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്ലസ് ടു വിജയിച്ച ശേഷം ജർമ്മനിയിൽ സൗജന്യവും സ്റ്റൈപന്റോടുകൂടിയ നഴ്സിങ് കോഴ്സിനും തുടർന്ന് ജോലിക്കും അവസരം നൽകുന്ന നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജർമ്മൻ ഭാഷാ പരിശീലനം (B2 ലെവൽ വരെ), നിയമനത്തിനുള്ള സഹായം, ജർമ്മനിയിലെ ആരോഗ്യപരിപാലന മേഖലയിൽ ജോലി ലഭിക്കാൻ അവസരം, കൂടാതെ പഠനകാലത്ത് പ്രതിമാസ സ്റ്റൈപന്റ് എന്നിവ പ്രോഗ്രാമിന്റെ ഭാഗമാണ്.ഈ പ്രോഗ്രാമിലൂടെ ജർമ്മനിയിൽ രജിസ്റ്റർഡ് നഴ്സായി പ്രവർത്തിക്കാൻ ആവശ്യമായ വൊക്കേഷണൽ നഴ്സിങ് ട്രെയിനിങ് നൽകുന്നു. അപേക്ഷകരുടെ പ്ലസ്ടുവിൽ ബയോളജി അടങ്ങിയ സയൻസ് സ്ട്രീമിൽ കുറഞ്ഞത് 60 ശതമാനം മാർക്കുകൾ ഉണ്ടായിരിക്കണം. കൂടാതെ ജർമ്മൻ ഭാഷയിൽ B1, B2 ലെവലുകൾ പാസ്സായിരിക്കണം (ഗോയ്ഥേ, ടെൽക്, OSD, TestDaf എന്നിവിടങ്ങളിൽ നിന്ന് 2024 ഏപ്രിലിലോ അതിനു ശേഷമോ ലഭിച്ച യോഗ്യത). താത്പര്യമുള്ളവർ www.norkaroots.org, www.nifl.norkaroots.org എന്ന വെബ്സൈറ്റുകൾ സന്ദർശിച്ച് 2024 ഒക്ടോബർ 31ന് മുമ്പായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഇംഗ്ലീഷിൽ തയ്യാറാക്കിയ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷാ യോഗ്യത സർട്ടിഫിക്കറ്റുകൾ, മുൻപരിചയ രേഖകൾ (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ സമർപ്പിക്കണം. അഭിമുഖം 2025 മാർച്ചിൽ നടക്കും.ആരോഗ്യ മേഖലയിലെ മുൻ പരിചയം, ഉദാ. ജൂനിയർ റെഡ് ക്രോസിന്റെ അംഗത്വം, അധിക യോഗ്യതയായി പരിഗണിക്കും. പ്രായം 18-27 വയസിനിടയിൽ ഉള്ളവർ (2025 മാർച്ച് 1 വരെ) പ്രോഗ്രാമിന് അർഹരാണ്. 6 മാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നതും നിർദ്ദിഷ്ട സ്ഥലത്ത് ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ തയ്യാറായവരും അപേക്ഷിക്കാം.നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി പ്രോഗ്രാം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി www.norkaroots.org, www.nifl.norkaroots.org എന്ന വെബ്സൈറ്റുകൾ സന്ദർശിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും) എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.
