വെറും 4 മിനിറ്റുകൊണ്ട് 100 %; 320 വാട്ട് സൂപ്പര്‍ സോണിക് ചാര്‍ജറുമായി റിയല്‍മി

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍ സാങ്കേതിക വിദ്യയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയാണ് റിയല്‍മി. ഇപ്പോഴിതാ 320 വാട്ടിന്റെ സൂപ്പര്‍ സോണിക്ക് മൊബൈല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണ് റിയല്‍മി. ഇതിലൂടെ നാല് മിനിറ്റുകൊണ്ട് 0-100 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചൈനയിലെ കമ്പനി ആസ്ഥാനത്ത് നടന്ന 828 ഫാന്‍ ഫെസ്റ്റിലാണ് ചാര്‍ജര്‍ കമ്പനി അനാവരണം ചെയ്തത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജറാണെന്നും കമ്പനി അവകാശപ്പെടുന്നു.കഴിഞ്ഞ വര്‍ഷം ജി.ടി 3 മോഡലിനൊപ്പം 240 വാട്ട് ചാര്‍ജര്‍ പുറത്തിറക്കി ടെക് ലോകത്തെ റിയല്‍മി ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് മിനിറ്റില്‍ ചാര്‍ജിംഗ് പൂര്‍ത്തിയാവുന്ന ചാര്‍ജറും കമ്പനി പുറത്തിറക്കിയത്. ആദ്യ മിനിറ്റില്‍ പൂജ്യത്തില്‍ നിന്നും 26 ശതമാനത്തിലെത്തും. തൊട്ടടുത്ത മിനിറ്റില്‍ 50 ശതമാനമെത്തും. നാല് മിനിറ്റില്‍ ഫോണിന്റെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാമെന്നും കമ്പനി അറിയിച്ചു.