കൊച്ചിൻ ഫ്ലവര്‍ ഷോയ്ക്ക് നാളെ തുടക്കം
കൊച്ചി: നഗരത്തിന് പുഷ്പഭംഗിയുടെ വിരുന്നൊരുക്കി കൊച്ചിൻ ഫ്ലവർ ഷോ നാളെ ആരംഭിക്കും. ജില്ലാ അഗ്രി- ഹോർട്ടികള്‍ച്ചർ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി മറൈൻ ഡ്രൈവ് മൈതാനത്താണ് പ്രദർശനം സംഘടിപ്പിക്കുന്നത്.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും വിപുലവുമായ പുഷ്പോത്സവങ്ങളിലൊന്നായാണ് കൊച്ചിൻ ഫ്ലവര്‍ ഷോ വിലയിരുത്തപ്പെടുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത അപൂർവ്വ ഇനം പൂച്ചെടികളും വിവിധതരം ഓർക്കിഡുകളും ഇത്തവണത്തെ പ്രദർശനത്തിലെ പ്രധാന ആകർഷണമായിരിക്കും. അര ലക്ഷം ചതുരശ്ര അടിയില്‍ തയ്യാറാക്കിയിട്ടുള്ള ബൃഹത്തായ വേദിയിലാണ് പുഷ്പമേള ഒരുങ്ങുന്നത്. ജില്ലാ കലക്ടർ അധ്യക്ഷയായ സമിതിയാണ് അഗ്രി- ഹോർട്ടികള്‍ച്ചർ സൊസൈറ്റിയുടെ പ്രവർത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
നാളെ തുടങ്ങുന്ന പുഷ്പമേള ജനുവരി 4- ന് സമാപിക്കും. ക്രിസ്മസ്- പുതുവത്സര അവധിക്കാലത്ത് കൊച്ചിയിലെത്തുന്ന സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കാൻ കൊച്ചിൻ ഫ്ലവർ ഷോ സജ്ജമാണെന്ന് സംഘാടകർ വ്യക്തമാക്കി.
