ആമസോൺ ബിസിനസിന് ഇന്ത്യയിൽ വൻ കുതിപ്പ്; 2025-ൽ 35% വാർഷിക വളർച്ച
ആമസോൺ ഇന്ത്യയുടെ ബിസിനസ്-ടു-ബിസിനസ് (B2B) പ്ലാറ്റ്‌ഫോമായ ‘ആമസോൺ ബിസിനസ്’ 2025-ൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. മുൻവർഷത്തേക്കാൾ വാർഷിക വിൽപനയിൽ 35 ശതമാനം വർധന രേഖപ്പെടുത്തിയതായി ആമസോൺ ബിസിനസ് ഡയറക്ടർ മിത്രഞ്ജൻ ഭാദുരി അറിയിച്ചു. ആഗോളതലത്തിൽ ഈ പ്ലാറ്റ്‌ഫോമിന്റെ വാർഷിക വിൽപന 35 ബില്യൺ അമേരിക്കൻ ഡോളർ കടന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ മെട്രോ നഗരങ്ങൾക്ക് പുറമെ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നാണ് ആമസോൺ ബിസിനസിന് വലിയ പിന്തുണ ലഭിക്കുന്നത്. നിലവിൽ പ്ലാറ്റ്‌ഫോമിലെ ഉപഭോക്താക്കളിൽ 70 ശതമാനത്തിലധികവും ഇത്തരം ചെറുകിട നഗരങ്ങളിൽ നിന്നുള്ളവരാണ്. 17 ലക്ഷത്തിലധികം വിൽപ്പനക്കാരിൽ നിന്നായി 19 കോടിയിലധികം ഉൽപ്പന്നങ്ങൾ ബിസിനസ് സ്ഥാപനങ്ങൾക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകുന്നു.
2025-ൽ ഇന്ത്യൻ ബിസിനസുകൾക്ക് ഏകദേശം 2,000 കോടി രൂപയുടെ സാമ്പത്തിക നേട്ടം നൽകാൻ കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. വിവിധ കിഴിവുകൾ, ക്യാഷ്‌ബാക്ക് ഓഫറുകൾ എന്നിവ വഴിയാണ് ഈ ലാഭം ഉപഭോക്താക്കൾക്ക് ലഭിച്ചത്. സേവന മേഖലയും നിർമ്മാണ മേഖലയും ഉൾപ്പെടുന്ന സ്ഥാപനങ്ങളാണ് ആമസോൺ ബിസിനസിന്റെ പ്രധാന ഉപഭോക്താക്കൾ. ഐടി ഉപകരണങ്ങൾ, ഓഫീസ് സപ്ലൈസ്, വ്യാവസായിക ഉപകരണങ്ങൾ എന്നിവയ്ക്കാണ് പ്ലാറ്റ്‌ഫോമിൽ കൂടുതൽ ആവശ്യക്കാരുള്ളത്.
ബൾക്ക് ഓർഡറുകൾക്ക് പ്രത്യേക വിലക്കിഴിവ് നൽകുന്നതും ബിസിനസ് ഉപഭോക്താക്കൾക്കായി പ്രത്യേക ലോഗിൻ സൗകര്യം ഒരുക്കിയിരിക്കുന്നതും ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകതകളാണ്. ഐടി പെരിഫറലുകൾ, പിസികൾ തുടങ്ങിയ വിഭാഗങ്ങളിൽ വരും വർഷങ്ങളിലും ശക്തമായ വളർച്ച തുടരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
