ആഗോള എണ്ണവില നിയന്ത്രിക്കാൻ ഇന്ത്യയുടെ സഹായം തേടി അമേരിക്ക
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിലൊന്നായ അമേരിക്കയ്ക്ക് ആഗോള എണ്ണവില നിയന്ത്രിക്കാന്‍ ഇന്ത്യയുടെ സഹായം തേടേണ്ടി വരാമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചൈനീസ് തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന ഏകദേശം 100 മില്യണ്‍ ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഏറ്റെടുക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ വഴിയാണ് ഈ എണ്ണ ആഗോള വിപണിയിലേക്ക് എത്തിക്കുക എന്നതാണ് അമേരിക്കയുടെ പദ്ധതി എന്നാണ് വിലയിരുത്തല്‍.
യുഎസിന്റെ വെനിസ്വേലയും ഇറാനും സംബന്ധിച്ച ഇടപെടലുകള്‍ക്ക് പിന്നാലെ ചൈന റഷ്യന്‍ എണ്ണയിലേക്കാണ് കൂടുതല്‍ തിരിഞ്ഞത്. ഇതേസമയം യുഎസുമായുള്ള വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍ കുറച്ചിരുന്നു. യുദ്ധത്തിനു മുമ്പ് ഇറാന് നല്‍കിയിരുന്ന വിലക്കിഴിവുകള്‍ കുറഞ്ഞതോടെ ചൈനയെ ആകര്‍ഷിക്കാന്‍ റഷ്യയും കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു.
എന്നാല്‍ വലിയ തോതിലുള്ള വാങ്ങലിനെ തുടര്‍ന്ന് ചൈനയുടെ എണ്ണ സംഭരണ ശേഷി ഇപ്പോള്‍ നിറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി നിരവധി റഷ്യന്‍ എണ്ണക്കപ്പലുകള്‍ ചൈനീസ് തീരത്തുതന്നെ കെട്ടിക്കിടക്കുകയാണ്. ഈ കപ്പലുകളില്‍ ഏകദേശം 100 മില്യണ്‍ ബാരല്‍ എണ്ണയുണ്ടെന്നാണ് വിലയിരുത്തല്‍. കെട്ടിക്കിടക്കുന്ന ഈ എണ്ണ ഇന്ത്യ വാങ്ങി ആഗോള വിപണിയിലേക്ക് എത്തിച്ചാല്‍ ക്രൂഡ് ഓയില്‍ വില നിയന്ത്രിക്കാന്‍ സാധിക്കുമെന്നതാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.
റഷ്യന്‍ എണ്ണ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് യുഎസ് അടുത്തിടെ 30 ദിവസത്തെ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഈ മാസം ഇന്ത്യയ്ക്ക് 30 ദശലക്ഷത്തിലധികം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 100 മില്യണ്‍ ബാരല്‍ കൂടി ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥന അമേരിക്ക മുന്നോട്ടുവച്ചതെന്നാണ് വിവരം.
അതേസമയം ആഗോള വിപണിയിലെ വില വര്‍ധന റഷ്യന്‍ എണ്ണയുടെ ചെലവും ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്ര വലിയ അളവിലുള്ള എണ്ണ ഇന്ത്യ ഏറ്റെടുക്കുമോ എന്നത് വ്യക്തമല്ല. എന്നിരുന്നാലും യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും ഉള്‍പ്പെടെ ആഗോള വിപണിയെ ബാധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ഈ നിര്‍ദേശത്തെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യയുടെ തന്ത്രപ്രധാന എണ്ണ റിസര്‍വുകളില്‍ ഇപ്പോഴും ചില ശേഷി നിലനില്‍ക്കുന്നുണ്ട്. കൂടാതെ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങണമെന്ന് ആവശ്യപ്പെട്ടത് അമേരിക്ക തന്നെയായതിനാല്‍ ഇത് റഷ്യയുമായി ഇന്ത്യയുടെ വ്യാപാരപാതയും കുറച്ചുകൂടി സൗകര്യപ്രദമാക്കാമെന്നാണ് വിലയിരുത്തല്‍.
അതേസമയം റഷ്യന്‍ എണ്ണ ഏറ്റെടുക്കണമെന്ന നിര്‍ദേശം അമേരിക്കയുടെ റഷ്യയോടുള്ള നയത്തില്‍ മാറ്റമുണ്ടായതിന്റെ സൂചനയല്ലെന്നും ചില ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹോര്‍മുസ് പ്രതിസന്ധി പോലുള്ള സാഹചര്യങ്ങളില്‍ ആഗോള എണ്ണവില ഉയര്‍ന്നുപോകുന്നത് തടയാനുള്ള പ്രായോഗിക നടപടിയായാണ് ഇതിനെ കാണേണ്ടതെന്നും അവർ വ്യക്തമാക്കുന്നു.
