യൂട്യൂബ് ഇന്ത്യയില്‍ തടസ്സപ്പെട്ടു; പ്ലേ ബട്ടണ്‍ പ്രവര്‍ത്തനരഹിതമെന്ന് ഉപയോക്താക്കളുടെ പരാതികള്‍

മുംബൈ: ഇന്ത്യയില്‍ യൂട്യൂബ് കുറച്ച് നേരത്തേക്ക് പ്രവര്‍ത്തന തടസ്സം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഈ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ പല ഉപയോക്താക്കളും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി ഡൗണ്ഡിറ്റെക്ടറിലൂടെ പരാതിപ്പെട്ടു. മൊബൈല്‍ ആപ്ലിക്കേഷനിലും വെബ്സൈറ്റിലും പ്ലേ ബട്ടണ്‍ പ്രവര്‍ത്തിക്കാത്ത പ്രശ്നം ഉള്‍പ്പെടെ സ്ട്രീമിങ് പ്രശ്നങ്ങളാണ് ഉപയോക്താക്കള്‍ അറിയിച്ചത്. ഉപഭോക്താക്കള്‍ ഗൂഗിള്‍ ഇന്ത്യയെയും യൂട്യൂബ് ഇന്ത്യയെയും ടാഗ് ചെയ്താണ് പരാതി അറിയിച്ചത്. 56 ശതമാനം പേര് വീഡിയോ സ്ട്രീമിങ് സംബന്ധമായ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്തതായും 23 ശതമാനം പേര് സെര്‍വര്‍ പ്രശ്നവും 21 ശതമാനം പേര് ആപ്പ് തകരാറും വിവരിച്ചിരുന്നുവെന്ന് ഡൗണ്ഡിറ്റെക്ടറിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. യൂട്യൂബ് പ്ലേ ബാക്ക് സ്പീഡ് ഫീച്ചര്‍ പ്രവര്‍ത്തിക്കാത്തത്, ഫോണ്‍ ഫ്ലിപ് ചെയ്താല്‍ വീഡിയോ പോസ് ആവുന്നത്, ഫാസ്റ്റ് ഫോര്‍വേഡ് ബട്ടണ്‍ പ്രവര്‍ത്തിക്കാത്തത് തുടങ്ങിയവയായിരുന്നു ഉപയോക്താക്കളുടെ പ്രധാന പരാതികള്‍. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ട് യൂട്യൂബ് പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ട്.