June 8, 2025

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെന്റർ ഗുജറാത്തിൽ; എഐ രംഗത്ത് മുന്നേറ്റത്തിനൊരുങ്ങി റിലയൻസ്

0
images (1) (11)

ജാംനഗർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ ഇന്ത്യൻ സാന്നിധ്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് റിലയൻസ് ഇൻഡസ്ട്രീസ് വിപുലമായ പദ്ധതിയുമായി മുന്നോട്ട്. ഗുജറാത്തിലെ ജാംനഗറിലാണ് ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെന്റർ നിർമ്മിക്കാൻ റിലയൻസ് പദ്ധതിയിടുന്നത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി, ഈ പദ്ധതിയുമായി എഐ മേഖലയിൽ ആധിപത്യം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

ഡാറ്റ സെന്ററിനായുള്ള സെമികണ്ടക്ടർ ചിപ്പുകൾ പ്രശസ്ത കമ്പനിയായ എൻവിഡിയയിൽ നിന്ന് വാങ്ങാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 2024 ഒക്ടോബറിൽ മുംബൈയിൽ നടന്ന എഐ ഉച്ചകോടിയിൽ റിലയൻസും എൻവിഡിയയും ഇന്ത്യയിലെ എഐ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനുള്ള സഹകരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി, റിലയൻസ് നിർമിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റ സെന്ററിന് എൻവിഡിയയുടെ ബ്ലാക്ക് വെൽ എഐ പ്രോസസ്സറുകൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

എഐയുടെ സാധ്യതകളെക്കുറിച്ച് ഉച്ചകോടിയിൽ സംസാരിച്ച എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്, “ഇന്ത്യ ഭാവിയിൽ എഐ കയറ്റുമതി ചെയ്യുന്ന ശക്തിയായി മാറും. ഈ വ്യാവസായിക വിപ്ലവത്തിൽ ഇന്ത്യ മുഖ്യകേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് വ്യക്തമാക്കി. മുകേഷ് അംബാനിയും ഇന്ത്യൻ വിപണിയുടെ ഡിജിറ്റൽ വളർച്ചയെക്കുറിച്ച് പരാമർശിച്ചു. “എല്ലാ ആളുകൾക്കും അഭിവൃദ്ധി നൽകാനും ആഗോളതലത്തിൽ സമത്വം കൊണ്ടുവരാനും എഐ ഉപയോഗിക്കാം.

യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യക്കും മികച്ച ഡിജിറ്റൽ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ ഉണ്ട്” എന്നായിരുന്നു അംബാനിയുടെ വാക്കുകൾ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഇന്ത്യയിൽ എഐ സൂപ്പർകമ്പ്യൂട്ടറുകൾ വികസിപ്പിക്കാനും വിവിധ ഭാഷകളിൽ പരിശീലനം ലഭിച്ച വലിയ ഭാഷാ മോഡലുകൾ സൃഷ്ടിക്കാനുമായി റിലയൻസ്-എൻവിഡിയ കൂട്ടായ്മ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ എഐ ഭാവിയെ രൂപപ്പെടുത്താൻ ഈ പുതിയ ഡാറ്റ സെന്റർ നിർണായകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *