June 8, 2025

ചരിത്രമെഴുതി വോഡാഫോൺ; സ്മാർട്ട്‌ഫോണിലൂടെ ആദ്യത്തെ സാറ്റലൈറ്റ് വീഡിയോ കോൾ

0
IMG-20250131-WA0011

ലോകത്ത് ആദ്യമായി ഒരു സ്റ്റാൻഡേർഡ് സ്മാർട്ട്‌ഫോണിലൂടെ സാറ്റലൈറ്റ് വഴി വീഡിയോ കോൾ നടത്താനുള്ള നേട്ടം ടെലികോം കമ്പനിയായ വോഡാഫോൺ സ്വന്തമാക്കി. വിദൂരസ്ഥ ലൊക്കേഷനിൽ നിന്നാണ് കോൾ നടത്തിയതെന്നും, യൂറോപ്പിലുടനീളം ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഈ സേവനം ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ലഭ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

വോഡഫോൺ സിഇഒ മാർഗരിറ്റ ഡെല്ല വാലെ തിങ്കളാഴ്ച കമ്പനി എഞ്ചിനീയറായ റോവൻ ചെസ്‌മറുമായി വീഡിയോ കോൾ നടത്തി. നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലാത്ത വെൽസ് മൗണ്ടഡ് റേഞ്ചിൽ നിന്ന് ചെസ്‌മർ ആണ് ഈ കോൾ നടത്തിയിരിക്കുന്നത്. സാറ്റലൈറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധാരണ സ്മാർട്ട്ഫോണിലൂടെ നടത്തിയ ആദ്യത്തെ വീഡിയോ കോൾ എന്ന പ്രത്യേകത ഇതിന് ഉണ്ട്.

ബുധനാഴ്ച്ച മാധ്യമങ്ങളോട് സംസാരിച്ച വോഡഫോൺ സിഇഒ, “ഉപയോക്താക്കൾക്ക് മൊബൈൽ അനുഭവം പൂർണ്ണതയോടെ നൽകുന്നതിന് വേണ്ടി മാത്രമാണ് സാറ്റലൈറ്റ് സേവനം ഉപയോഗിക്കുന്നത്. ഉപഗ്രഹ സേവനം വഴി വീഡിയോ ഡാറ്റ കൈമാറ്റം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാനാണ് ഞങ്ങൾ ഈ കോൾ നടത്തിയത്” എന്ന് വ്യക്തമാക്കി. ഉപഭോക്താക്കളിലേക്ക് ഈ സേവനം വേഗത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

വോഡഫോൺ ഈ സേവനം നടപ്പിലാക്കുന്നതിനായി ലോ-എർത്ത് ഓർബിറ്റിലുള്ള അഞ്ച് ബ്ലൂബേർഡ് ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ സഹായത്തോടെ സാധാരണ സ്മാർട്ട്ഫോണുകളിൽ ഉപയോക്താക്കൾക്ക് 120Mbps വരെ വേഗത കൈവരിക്കാമെന്ന് കമ്പനി വ്യക്തമാക്കുന്നു.

അതേസമയം, നെറ്റ്‌വർക്ക് കവറേജ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ വോഡഫോൺ ഉൾപ്പെടെ നിരവധി ടെലികോം കമ്പനികൾ ഇപ്പോൾ സാറ്റലൈറ്റ് സേവനങ്ങൾ വികസിപ്പിച്ചുവരികയാണ്. ഏറ്റവും പുതിയ സാംസങ് ഗാലക്‌സി എസ് 25 അൾട്രാ, പുതിയ ഐഫോൺ മോഡലുകൾ എന്നിവ ഉപഗ്രഹ കണക്റ്റിവിറ്റിയോടെ വിപണിയിൽ എത്തിയതോടെ, ഈ മേഖലയിൽ കൂടുതൽ പുരോഗതി പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *