വിവോ വൈ300 ഇന്ത്യയില്‍ നവംബര്‍ 21ന് പുറത്തിറങ്ങും

വിവോ വൈ സീരീസിൽ പെട്ട പുതിയ സ്മാർട്ട്ഫോൺ വൈ300 അടുത്ത ആഴ്ച ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ജെമിനി എഐ ഫീച്ചറുകളോടെ വരുമെന്നാണ് സൂചന.വിവോ വൈ300, 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ വിവോ വൈ200യുടെ തുടർച്ചയായ മോഡലാണ്. അതേസമയം, ഇതേ സീരീസിൽ പെട്ട വൈ300 പ്ലസ് കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ നവംബർ 21-ന് ഉച്ചയ്ക്ക് 12 മണിയോടെ വിവോ വൈ300 വിപണിയിലെത്തും.വിവോ, പുതിയ മോഡലിന്റെ ബാക്ക്-പാനൽ ഡിസൈൻ വെളിപ്പെടുത്തിയിരുന്നു, ഫോണിന്റെ പിൻഭാഗത്ത് രണ്ടു ക്യാമറകളുണ്ട്. വൈ300 ഗ്രേ, പർപ്പിൾ, ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിലായിരിക്കും ലഭ്യമാവുക. കൂടുതൽ സവിശേഷതകൾ ഉടൻ തന്നെ പുറത്തുവരുമെന്നു പ്രതീക്ഷിക്കുന്നു.ചില രാജ്യങ്ങളിൽ മാത്രം ലഭ്യമായ വിവോ വി40 ലൈറ്റിന്റെ പരിഷ്കരിച്ച പതിപ്പാണെന്ന് അഭ്യൂഹം പ്രചരിക്കുന്ന വൈ300 6.67 ഇഞ്ച് ഫുൾ എച്ച്ഡി അമോൾഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസർ, 12 ജിബി വരെ റാം, 512 ജിബി സ്റ്റോറേജ്, 80 വാട്ട് ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റിയുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവയുമായി ലഭിക്കും.