യുപിഐ സേവനം കൂടുതൽ സുരക്ഷിതമാകും; ബയോമെട്രിക് സുരക്ഷ ഉറപ്പാക്കാൻ നീക്കം

ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ കോടിക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഡിജിറ്റൽ പെയ്മെന്റ്കളുടെ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഈ വിഷയത്തിൽ വിവിധ കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഏറെ താമസിയാതെ ഫിംഗർ പ്രിന്റ് സെൻസർ ഐഡി ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണുകളിലും ഫെയ്സ് ഐഡി ഉപയോഗിച്ച് ആപ്പിൾ ഫോണുകളിലും യുപിഐ വിനിമയങ്ങൾ നടത്താൻ സാധിക്കും. യുപിഐ സംവിധാനം ഉപയോഗിച്ച് തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനത്തിലേക്ക് കടക്കുന്നത്. ഫെയ്സ് ഐഡി പോലെയുള്ള സുരക്ഷാ മാർഗ്ഗങ്ങൾ തട്ടിപ്പുകൾക്ക് പരിഹാരമാകാൻ സഹായിക്കുമെന്ന് എൻ പി സി ഐ കരുതുന്നു.