601 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് 5ജി: ജിയോ പുതിയ വൗച്ചര്‍ അവതരിപ്പിച്ചു, പക്ഷേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുംബൈ: സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത 5ജി ഡാറ്റ ലഭ്യമാക്കുന്ന പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 601 രൂപയ്ക്ക് ലഭ്യമാകുന്ന ഈ റീച്ചാര്‍ജ് “ട്രൂ 5ജി ഗിഫ്റ്റ് വൗച്ചര്‍” എന്ന പേരിലാണ് അവതരിപ്പിച്ചത്. എന്നിരുന്നാലും, ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഉപഭോക്താവിന് അര്‍ഹമായ ബേസിക് പ്ലാന്‍ സിം കാര്‍ഡില്‍ പ്രാപ്തമാണോയെന്ന് ഉറപ്പാക്കണം. 601 രൂപയുടെ ഈ പുതിയ പ്ലാന്‍ അര്‍ഹരായ ഉപഭോക്താക്കള്‍ക്കായാണ് ക്രമീകരിച്ചിരിക്കുന്നത്.
നിലവില്‍ ദിവസവും കുറഞ്ഞത് 1.5 ജിബി 4ജി ഡാറ്റ ലഭിക്കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ വൗച്ചര്‍ ലഭ്യമാകുക. 199, 239, 299 രൂപ മുതലായ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 601 രൂപയ്ക്ക് 5ജി ഡാറ്റയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍, 1 ജിബി പ്രതിദിന ഡാറ്റയോ 1,899 രൂപയുടെ വാര്‍ഷിക പ്ലാനോ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഗിഫ്റ്റ് വൗച്ചര്‍ ലഭ്യമാവില്ല.
601 രൂപയുടെ ട്രൂ 5ജി ഗിഫ്റ്റ് വൗച്ചറില്‍ 12 അപ്‌ഗ്രേഡ് വൗച്ചറുകള്‍ ഉള്‍പ്പെടുന്നു, ഇവ മൈജിയോ ആപ്പ് വഴി റിഡീം ചെയ്യാം. ഓരോ വൗച്ചറിനും 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. വൗച്ചര്‍ ആക്റ്റിവേറ്റ് ചെയ്താല്‍ ഉപഭോക്താവിന് പരിധിയില്ലാത്ത 5ജി ഡാറ്റ ലഭിക്കും. കൂടാതെ, 4ജി ഡാറ്റ പരിധി പ്രതിദിനം 3 ജിബിയാക്കി ഉയര്‍ത്തും. ഉപഭോക്താവിന് തന്റെ ആവശ്യത്തിന് അനുസരിച്ച് 12 മാസത്തിനിടെ ഏതെങ്കിലും സമയത്ത് ഈ വൗച്ചറുകള്‍ ഉപയോഗിക്കാനാകും.