സമ്പൂര്‍ണ്ണ കേന്ദ്രബജറ്റ് ഈ മാസം. ആശങ്കയോടെ വ്യവസായികള്‍
മൂന്നാം നരേന്ദ്രമോദി സര്‍ക്കരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണം ഈ മാസം അവതരിപ്പിക്കും. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ബജറ്റ് അവതരിപ്പിക്കുക എന്നതാണ കീഴ്വഴക്കം. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുക. അങ്ങനെയെങ്കില്‍ ജൂലൈ 22 ന് തന്നെ ബജറ്റ് അവതരണം നടക്കും.
ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നതോടെ തുടര്‍ച്ചയായി 7 ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡും സ്വന്തമാക്കും. നിലവില്‍ തുടര്‍ച്ചയായി 6 ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്കൊപ്പമാണ് നിര്‍മ്മല സീതാരാമന്. 2019 മുതല്‍ തുടര്‍ച്ചയായി സമ്പൂര്‍ണ്ണ ബജറ്റും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റും നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചിരുന്നു.
നിര്‍മ്മല സീതാരാമന് അവസാനം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ വലിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം കൊണ്ടുതന്നെയാണ് അത്തരമൊരു ബജറ്റ് അവതരിപ്പിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു. സര്‍ക്കാരിന്റെ മൂലധനച്ചലവ് 11 ശതമാനം ഉയര്‍ത്തിയതും പുതിയ മേഖലകള്‍ക്കായി 50 വര്‍ഷത്തെ പലിശ രഹിത വായ്പാ പദ്ധതിയും ആയിരുന്നു ഇടക്കാല ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കാതിരുന്ന ബിജെപി ജെഡിയു, ടിഡിപി എന്നിവരുടെ പിന്തുണയോടെയാണ് ഇത്തവണ അധികാരത്തിലെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ബീഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പാക്കേജ് ഇത്തവണ നടത്തുന്ന സമ്പൂര്‍ണ്ണ ബജറ്റിലുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഇറക്കുമതി നികുതികളില്‍ കാര്യമായ മാറ്റം വരുന്ന ബജറ്റില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല നികുതിഘടനയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകമെന്നും സാമ്പത്തികലോകം കണക്കുകൂട്ടുന്നു. ആദായനികുതിയിലും കാര്യമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. പഴയ സ്കീമില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് നിലവിലെ 50,000 രൂപയില്‍ നിന്ന് 75,000 രൂപയായോ ഒരു ലക്ഷം രൂപയായോ ആക്കി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. ഏതായാലും വ്യവസായലോകവും സാമ്പത്തികമേഖലയും നിര്‍മ്മല സീതാരാമന്റെ പുതിയ ബജറ്റിനായി കാത്തിരിക്കുകയാണ്.