ഇലക്ട്രിക് സ്‌കൂട്ടറായ ഓര്‍ബിറ്റര്‍ അവതരിപ്പിച്ച് ടിവിഎസ്
കേരള വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഓര്‍ബിറ്റര്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. പി.എം ഇ-ഡ്രൈവ് സബ്‌സിഡി ഉള്‍പ്പെടെ 1,04,600 രൂപയാണ് എക്‌സ് ഷോറൂം വില. ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ ഐ.ഡി.സി. റേഞ്ച് നല്‍കാന്‍ ഓര്‍ബിറ്ററിന് കഴിയും 3.1 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂറും 10 മിനിറ്റും വേണം. വലിയ വാഹനങ്ങളില്‍ മാത്രം കണ്ടുവരുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവുമുണ്ട്.
രണ്ട് ഹെല്‍മെറ്റുകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ 34 ലിറ്റര്‍ ബൂട്ട് സ്പെയ്സാണ് വാഹനത്തിലുള്ളത്. മികച്ച ഡിജിറ്റല്‍ അനുഭവമൊരുക്കുന്ന ആധുനിക കണക്റ്റഡ് സംവിധാനങ്ങളാണ് ഓര്‍ബിറ്ററിന്റെ മറ്റൊരു പ്രത്യേകത. കൂട്ടിയിടി, മോഷണം, നിശ്ചിത പ്രദേശത്തിന് പുറത്തു പോകല്‍ തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകള്‍ മൊബൈല്‍ ആപ്പ് വഴി റൈഡര്‍ക്ക് ലഭിക്കും. നിയോണ്‍ സണ്‍ബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ഷ്യന്‍ കോപ്പര്‍ എന്നിങ്ങനെ ആറ് ആകര്‍ഷകമായ നിറങ്ങളില്‍ ടി.വി.എസ്. ഓര്‍ബിറ്റര്‍ ലഭ്യമാകും.
