രണ്ടാംഘട്ട മെട്രോ യാത്ര; അടുത്തവർഷം ജൂണിൽ സർവീസ് ആരംഭിച്ചേക്കും
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽനിന്ന് കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന അഞ്ചുസ്റ്റേഷനുകളിലേക്ക് അടുത്തവർഷം ജൂണിൽ സർവീസ് തുടങ്ങുമെന്നാണ് പ്രഖ്യാപനം. ശേഷിക്കുന്ന സ്റ്റേഷനുകളിലേക്ക് അതേവർഷം ഡിസംബറിനകവും സർവീസ് ആരംഭിക്കും.
രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ മാസം 30 ലക്ഷത്തോളം പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. കാക്കനാട് റൂട്ട് വരുന്നതോടെ ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം അരക്കോടിയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.
പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ എന്നീ സ്റ്റേഷനുകളിലേക്കാണ് ആദ്യം സർവീസ് തുടങ്ങുക. സിവിൽ സ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവ രണ്ടാം ഭാഗമായും പൂർത്തിയാക്കും.11.2 കിലോമീറ്ററാണ് പിങ്ക് ലൈൻ എന്നറിയപ്പെടുന്ന മെട്രോ രണ്ടാംഘട്ടത്തിന്റെ നീളം. 1957 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
