ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളം; പുരസ്‌കാര നിറവിൽ സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകല്‍പ്പനയാണ് വിഖ്യാതമായ പ്രിക്‌സ് വേര്‍സെയില്‍സ് വേള്‍ഡ് ആര്‍കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ അവാര്‍ഡ് കരസ്ഥമാക്കാൻ സഹായിച്ചത്.
പാരിസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. 7,42,000 ചതുരശ്ര മീറ്ററില്‍ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തില്‍ മണിക്കൂറില്‍ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉള്‍ക്കൊള്ളാനാവും.
കായികവേദികള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ മികച്ച രൂപകല്‍പ്പനകള്‍ക്ക് അംഗീകാരം നല്‍കാന്‍ യുനെസ്‌കോ ആരംഭിച്ച പ്രീ വെര്‍സൈയ്ല്‍സ് പുരസ്‌കാരമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം നേടിയത്. ശക്തമായ മത്സരത്തിനൊടുവിലാണ് സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മികവിനുള്ള അംഗീകാരം നേടിയത്.