കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3% വർധിപ്പിച്ചു

കേന്ദ്രസർക്കാർ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ, ഡിഎ 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയരും. ഇന്ന് രാവിലെ നടത്തിയ മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം ലഭിച്ചത്, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ വർധനയുടെ പ്രയോജനം ലഭിക്കും. പുതുക്കിയ ക്ഷാമബത്ത ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിലേക്ക് വരും. 2024 മാർച്ചിൽ 4 ശതമാനം വർദ്ധന നൽകിയാണ് 50 ശതമാനത്തിലേക്ക് ക്ഷാമബത്ത ഉയർന്നത്.