June 8, 2025

അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങളുമായി ടാറ്റ ഗ്രൂപ്പ്

0
images (2) (7)

ടാറ്റ ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റ് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ദ്ധചാലകങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, അനുബന്ധ മേഖലകള്‍ എന്നിവയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസിത രാഷ്ട്ര സ്വപ്‌നം സാധ്യമാക്കാന്‍ ഉല്‍പാദനമേഖലയിലെ തൊഴില്‍ വളര്‍ച്ച നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അസമില്‍ നിര്‍മിക്കുന്ന അര്‍ദ്ധചാലക പ്ലാന്റ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയാണ് ടാറ്റ ഗ്രൂപ്പിന്‍റെ പ്രധാന പദ്ധതികള്‍. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കി കുറഞ്ഞത് 5 ലക്ഷം സ്ഥാപങ്ങള്‍ ഉണ്ടാക്കാനാണ് ടാറ്റയുടെ ശ്രമമെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. ഓരോ മാസവും 1 ദശലക്ഷം പേര്‍ തൊഴിലസേനയിലേക്ക് കടന്നുവരുന്ന സാഹചര്യത്തില്‍, നിര്‍മാണ മേഖലയിലെ തൊഴിലവസരങ്ങള്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും സര്‍ക്കാര്‍ പിന്തുണ അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അസമില്‍ സ്ഥാപിക്കുന്ന സെമികണ്ടക്ടര്‍ യൂണിറ്റിന് 25,000 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നതായും പ്രതിദിനം 48 ദശലക്ഷം ചിപ്പുകള്‍ ഇവിടെ ഉല്‍പാദിപ്പിക്കുമെന്നും ഗ്രൂപ്പ് അറിയിച്ചു. ഈ ചിപ്പുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ടെലികോം, ഓട്ടോമോട്ടീവ് മേഖലയിലേയ്ക്ക് വിതരണം ചെയ്യപ്പെടും. കൂടാതെ, 91,000 കോടി രൂപയുടെ നിക്ഷേപത്തില്‍ ടാറ്റ ഇലക്ട്രോണിക്സ് ഗുജറാത്തിലെ ധോലേരയില്‍ ചിപ്പുകള്‍ നിര്‍മിക്കുന്നതും, 9,000 കോടി രൂപ നിക്ഷേപത്തോടെ തമിഴ്നാട്ടിലെ റാണിപേട്ടില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് നിര്‍മിക്കുന്നതുമാണ് ടാറ്റയുടെ മറ്റു പ്രധാന പദ്ധതികള്‍.

Leave a Reply

Your email address will not be published. Required fields are marked *