സ്റ്റാർലിങ്ക് രണ്ടുമാസത്തിനുള്ളിൽ ഇന്ത്യയിൽ

ടെലികോം മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങി സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യന്‍ വിപണിയിലെ പ്രൈസിങ് കമ്പനി അന്തിമമാക്കിയിട്ടുണ്ടെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു.
സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണന തന്ത്രത്തിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും സ്റ്റാര്‍ലിങ്ക് ഒരു മാസത്തെ സൗജന്യ ഉപയോഗം വാഗ്ദാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.