March 22, 2026

ഡീപ്‌സീക്കിന്‍റെ പുത്തന്‍ ഡൗണ്‍ലോഡുകള്‍ വിലക്കി ദക്ഷിണ കൊറിയ

0
images (1) (8)

സോള്‍: ചൈനീസ് എഐ ചാട്ട്‌ബോട്ടായ ഡീപ്‌സീക്കിന്‍റെ പുത്തന്‍ ഡൗണ്‍ലോഡുകള്‍ ദക്ഷിണ കൊറിയ വിലക്കി. വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാനുള്ള ചില നിയമങ്ങള്‍ ആപ്പ് പാലിക്കുന്നില്ല എന്ന കാരണത്താലാണ് ഡീപ്സീക്ക് ഡൗണ്‍ലോഡ് ചെയ്യുന്നത് ദക്ഷിണ കൊറിയ തടയുന്നതെന്ന് രാജ്യത്തെ ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ നിലപാട്.

ഉപയോക്താക്കളില്‍ നിന്ന് ഡീപ്‌സീക്ക് എഐ ആപ്പ് സ്വീകരിക്കുന്ന വിവരങ്ങള്‍ കമ്പനി എന്ത് ചെയ്യുന്നു എന്ന ചോദ്യം ദക്ഷിണ കൊറിയ നേരത്തെതന്നെ ഉന്നയിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോളമാണ് ഡീപ്‌സീക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് ദക്ഷിണ കൊറിയ ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. ഡാറ്റാ സംരക്ഷ കാര്യത്തില്‍ ഡീപ്സീക്കിന് വീഴ്ചയുണ്ടായതായാണ് ദക്ഷിണ കൊറിയയുടെ ആരോപണം.

രാജ്യത്തെ സ്വകാര്യത സംരക്ഷണ നിയമം പാലിക്കുന്നത് അനുസരിച്ച് ഡീപ്‌സീക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള വിലക്ക് ദക്ഷിണ കൊറിയ നീക്കുമെന്ന് പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ദക്ഷിണ കൊറിയയുടെ നടപടിയെ കുറിച്ച് ഡീപ്‌സീക്ക് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഫെബ്രുവരി ആറിന് ഡീപ്‌സീക്കിനെതിരെ അന്വേഷണം ആരംഭിച്ച ദക്ഷിണ കൊറിയയുടെ നടപടിക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്തെത്തിയിരുന്നു. നിയമവിധേയമായി സ്വകാര്യതയ്ക്കും ഡാറ്റാ സംരക്ഷത്തിനും വലിയ പ്രധാന്യമാണ് ചൈന കല്‍പിക്കുന്നത് എന്നായിരുന്നു ചൈനീസ് വക്താവിന്‍റെ മറുപടി.

കൂടാതെ നിയമവിധേയമല്ലാതെ ഏതെങ്കിലുമൊരു വ്യക്തിയോടോ കമ്പനിയോടോ, ഡാറ്റ ശേഖരിക്കണമെന്നോ സൂക്ഷിക്കണമെന്നോ ചൈന ആവശ്യപ്പെടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഡീപ്സീക്ക് ആപ്ലിക്കേഷനുകളില്‍ നിന്ന് വിവര ചോര്‍ച്ചയുണ്ടായതായുള്ള കാര്യങ്ങൾ സൈബര്‍ സുരക്ഷാ കമ്പനിയായ വിസ്സാണ് വെളിപ്പെടുത്തിയത്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *