ഐബിഎ ടെക്നോളജി അവാർഡ്‌സിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് പുരസ്കാരത്തിളക്കം

ബെസ്റ്റ് ടാലന്റ് & ഓർഗനൈസേഷൻ വിഭാഗത്തിൽ ജേതാവ്. ബെസ്റ്റ് ഫിനാൻഷ്യൽ ഇൻക്ലുഷൻ വിഭാഗത്തിൽ റണ്ണർ അപ്പ്. ബെസ്റ്റ് ഡിജിറ്റൽ സെയിൽസ്, പേയ്മെന്റ്സ് & എൻഗേജ്മെന്റ്, ബെസ്റ്റ് ഐടി റിസ്ക് മാനേജ്‌മന്റ്, ബെസ്റ്റ് ഫിൻടെക് & ഡിപിഐ അഡോപ്ഷൻ എന്നിവയിലെ മികച്ച പ്രകടനത്തിന് പ്രത്യേക പരാമർശം.
കൊച്ചി: മുബൈയിൽ നടന്ന ഇരുപതാമത് ഐബിഎ ടെക്നോളജി അവാർഡ് 2024ൽ, മികച്ച സാങ്കേതിക അധിഷ്ഠിത ടാലന്റ് & ഓർഗനൈസേഷൻ വിഭാഗത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാവ്. ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് നൂതന സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനാണ് പുരസ്‌കാരം. ബെസ്റ്റ് ഫിനാൻഷ്യൽ ഇൻക്ലുഷൻ വിഭാഗത്തിൽ റണ്ണർ അപ്പ് ആകാനും ബാങ്കിന് സാധിച്ചു.
ബെസ്റ്റ് ഡിജിറ്റൽ സെയിൽസ്, പേയ്മെന്റ്സ് & എൻഗേജ്മെന്റ്, ബെസ്റ്റ് ഐടി റിസ്ക് മാനേജ്‌മന്റ്, ബെസ്റ്റ് ഫിൻടെക് & ഡിപിഐ അഡോപ്ഷൻ എന്നിവയിലെ മികച്ച പ്രകടനത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക് പ്രത്യേക പരാമർശം നേടി. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകൾ പങ്കെടുത്ത ചടങ്ങിൽ അഭിമാനകരമായ നേട്ടമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വന്തമാക്കിയത്.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) പക്കൽ നിന്നും തുടർച്ചയായി അംഗീകാരം ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി അഭിപ്രായപ്പെട്ടു.
“ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ഉൾപ്പെടുത്തൽ വർദ്ധിപ്പിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ ഉറപ്പാക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള ബാങ്കിന്റെ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാർഡുകൾ. ദീര്‍ഘവീക്ഷണമുള്ള ധനകാര്യസ്ഥാപനമെന്ന നിലയില്‍, ബാങ്കിന്റെ തുടർന്നുള്ള യാത്രയ്ക്ക് പ്രചോദനമേകുന്നതാണ് അംഗീകാരം.”- അദ്ദേഹം പറഞ്ഞു.