September 9, 2025

വലിയ തോതിലുള്ള കിഴിവുകളുമായി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍

0
n67179276517520632878653cf3c06c0fa23328f1f2f6b8a9f05d4ed61b53e066e88a96f0b1739f716ed87b

ന്യൂഡല്‍ഹി: പ്രൈം ഡേ, രക്ഷാ ബന്ധന്‍, സ്വാതന്ത്ര്യ ദിന പരിപാടികള്‍ തുടങ്ങിയ തിരക്കേറിയ വില്‍പ്പന സീസണിലേക്ക് കടക്കാനൊരുകയാണ് ഇന്ത്യ.ഈ വര്‍ഷാവസാനത്തെ ഉത്സവ സീസണിന് മുന്നോടിയായി വർധിച്ചു നില്‍ക്കുന്ന സ്‌റ്റോക്ക് ലെവല്‍ കുറയ്ക്കുന്നതിനായി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ വലിയ തോതിലുള്ള കിഴിവുകള്‍ പ്രഖ്യാപിച്ചു തുടങ്ങി.

ദീപാവലിക്ക് ശേഷമുള്ള മാന്ദ്യവും ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ബ്രാന്‍ഡുകളുടെ തുടര്‍ച്ചയായ പോര്‍ട്ട്ഫോളിയോ പുതുക്കലുകളും കാരണം ആഭ്യന്തര സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ സ്‌റ്റോക്ക് ലെവല്‍ ഒരു വര്‍ഷം മുമ്പ് ഉള്ളതിനേക്കാള്‍ ഗണ്യമായി ഉയര്‍ന്നുനില്‍ക്കുകയാണ് എന്ന് മാര്‍ക്കറ്റ് റിസര്‍ച്ച്‌ കമ്പനിയായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഈ കലണ്ടറിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇതേ കാലയളവിൽ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സ്‌റ്റോക്ക് ലെവല്‍ വർധിച്ചു നില്‍ക്കുകയാണ്. ദീപാവലിക്ക് ശേഷം വില്‍പ്പന കുത്തനെ താഴ്ന്നതും 2025 ലക്ഷ്യമിട്ട് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ അവരുടെ പോര്‍ട്ട്ഫോളിയോ പുതുക്കാന്‍ തുടങ്ങിയതുമാണ് ഇതിന് കാരണം. ഉത്സവ സീസണ്‍ അവസാനിച്ചതിന് ശേഷം സ്‌റ്റോക്ക് ലെവല്‍ ഉയരുന്നതാണ് കണ്ടതെന്ന് കൗണ്ടര്‍പോയിന്റിലെ ഗവേഷണ ഡയറക്ടര്‍ തരുണ്‍ പഥക് പറഞ്ഞു.

2025 ലെ ആദ്യ പകുതിയില്‍ വില്‍പ്പനയില്‍ മൂന്ന് ശതമാനം വാര്‍ഷിക ഇടിവാണ് പ്രതീക്ഷിക്കുന്നത്. വില്‍പ്പനയിലും വിതരണത്തിലും കുറവുണ്ടായതോടെയാണ് സ്‌റ്റോക്ക് ലെവല്‍ വർധിച്ചത്. ദീപാവലി സീസണിന് മുമ്പ് സ്റ്റോക്ക് ക്ലിയര്‍ ചെയ്യുന്നതിന് കനത്ത കിഴിവുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്യാന്‍ ബ്രാന്‍ഡുകളെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആപ്പിള്‍, സാംസങ്, വിവോ, മോട്ടോറോള എന്നി ബ്രാന്‍ഡുകള്‍ക്ക് താരതമ്യേനേ കുറഞ്ഞ ഇന്‍വെന്ററി ആണ് ഉള്ളത്. എന്നാല്‍ വണ്‍പ്ലസ്, ഷവോമി, ഐക്യുഒഒ, റിയല്‍മി, ഓപ്പോ, നത്തിംഗ് എന്നി ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ സ്റ്റോക്ക് ഉണ്ട്. കൂടുതല്‍ സ്‌റ്റോക്ക് ഉള്ള കമ്പനികള്‍ കൂടുതല്‍ കിഴിവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച്‌ കണക്കുകൂട്ടുന്നു. സാംസങ്, വണ്‍പ്ലസ്, ഐക്യുഒഒ തുടങ്ങിയ കമ്പനികള്‍ ഇതിനോടകം തന്നെ ചില മോഡലുകള്‍ക്ക് കിഴിവ് പ്രഖ്യാപിച്ച്‌ കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *