കേരളം, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്രയിലടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കപ്പല്‍ നിര്‍മാണ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും: മന്ത്രി സര്‍ബാനന്ദ സോനോവാള്‍

കപ്പല്‍ നിര്‍മാണത്തിനും അറ്റകുറ്റപ്പണിയ്ക്കും അടിയന്തിരമായ പ്രാധാന്യം നല്‍കി കേന്ദ്രം വിവിധ സംസ്ഥാനങ്ങളില്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്ര, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഈ ക്ലസ്റ്ററുകള്‍ കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രഖ്യാപിച്ചത്. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് അതോറിറ്റിയുടെ (JNPA) ശേഷി നിലവിലെ 6.6 ദശലക്ഷം ടിഇയുവില്‍ നിന്ന് 10 ദശലക്ഷം ടിഇയുവായി വര്‍ധിപ്പിക്കുമെന്നും സോനോവാള്‍ പറഞ്ഞു. ഹൈഡ്രജന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയിലും (DPA), വി.ഒ. ചിദംബരനാര്‍ പോര്‍ട്ട് ട്രസ്റ്റിലും (VOCPT) 3,900 ഏക്കര്‍ ഭൂമി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇതിലൂടെ 5 ലക്ഷം കോടി രൂപയുടെ നിക്ഷേപം വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ജെഎന്‍പിഎ, 10 ദശലക്ഷം ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി മാറുമെന്ന് സോനോവാള്‍ പ്രഖ്യാപിച്ചു. അതിനൊപ്പം, ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലെ ഗലാത്തിയ ബേയില്‍ നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട് (ICTP) ഇന്ത്യയിലെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി മാറുമെന്ന് അദ്ദേഹം വിശദീകരിച്ചു. വധ്വാന്‍ തുറമുഖം, 298 എംഎംടിപിഎ (MMTPA) ശേഷിയുള്ള വലിയ ആഴമുള്ള തുറമുഖമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. സോനോവാളിന്റെ അഭിപ്രായത്തില്‍, ഈ മെഗാ തുറമുഖ പദ്ധതി 1.2 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.