ഡോളറിനെതിരെ 12 പൈസ ഇടിഞ്ഞ് രൂപ
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ കുറഞ്ഞ് 86.52 എന്ന നിലയിലെത്തി. രൂപയ്ക്ക് തിരിച്ചടിയായത് ആഭ്യന്തര ഓഹരി വിപണികളിലെ നെഗറ്റീവ് പ്രവണതയും ആഗോള ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുചാട്ടവുമാണ്.
വിദേശത്ത് അമേരിക്കൻ കറൻസിയുടെ ശക്തിയും വിദേശ ഫണ്ട് ഒഴുക്കും പ്രാദേശിക കറൻസിയെ കൂടുതല്‍ സമ്മർദ്ദത്തിലാക്കിയെന്ന് ഫോറെക്സ് വ്യാപാരികള്‍ അറിയിച്ചു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചില്‍, ആഭ്യന്തര യൂണിറ്റ് 86.59-ല്‍ വ്യാപാരം തുടങ്ങി.പിന്നീട് ഗ്രീൻബാക്കിനെതിരെ 86.63 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. എങ്കിലും, 86.47 എന്ന ഇൻട്രാ-ഡേയിലെ ഏറ്റവും ഉയർന്ന നില കൈവരിച്ച ശേഷം, 86.52-ല്‍ (താല്‍ക്കാലികം) സെഷൻ അവസാനിപ്പിച്ചു. 12 പൈസയുടെ നഷ്ടമാണ് മുൻ ക്ലോസിംഗ് ലെവലില്‍ നിന്ന് ഇത് രേഖപ്പെടുത്തിയത്.
ജൂലൈ 24 ന് രൂപയുടെ മൂല്യം തുടക്കത്തില്‍ ചെറിയ തിരിച്ചുവരവ് നടത്തിയെങ്കിലും, അമേരിക്കൻ ഡോളറിനെതിരെ ഒരു പൈസ മാത്രം വർധിച്ച് 86.40 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്കൃത എണ്ണയുടെ വിലയിലെ വർധനവും ആഭ്യന്തര വിപണികളിലെ ബലഹീനതയുമാണ് രൂപയുടെ മൂല്യം ദുർബലമാക്കിയതെന്ന് മിറേ അസറ്റ് ഷെയർഖാനിലെ ഗവേഷണ വിശകലന വിദഗ്ധൻ അനുജ് ചൗധരി അഭിപ്രായപെട്ടു. ഇത് വിദേശ സ്ഥാപന നിക്ഷേപകരുടെ (FIIs) പിൻവലിക്കലിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
