കാർകിനോസ് ഹെൽത്ത്കെയറിനെ ഏറ്റെടുത്ത് റിലയൻസ്

375 കോടി രൂപയ്ക്ക് ഹെൽത്ത് കെയർ പ്ലാറ്റ്ഫോമായ കാർകിനോസിനെ ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ്. ക്യാൻസർ കണ്ടെത്തുന്നതിനും രോഗനിർണയത്തിനും സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ നൽകുന്ന കമ്പനിയാണ് കാർകിനോസ്. 2022-23 സാമ്പത്തിക വർഷത്തിൽ ഏകദേശം 22 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. കാർകിനോസിൻ്റെ 10 രൂപയുടെ 1 കോടി ഓഹരികള്‍ 10 കോടി രൂപയ്ക്കും 10 രൂപയുടെ 36.5 കോടി പൂർണ്ണമായി പരിവർത്തനം ചെയ്യാവുന്ന കടപ്പത്രങ്ങൾ 365 കോടി രൂപയ്ക്കും ഡിസംബർ 27 ന് സമാഹരിച്ചതായി റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്സ് ലിമിറ്റഡ് ഓഹരി വിപണിയെ അറിയിച്ചു.
പഴയ ഓഹരി ഉടമകളുടെ കൈവശമുള്ള 30,075 ഓഹരികൾ കാർകിനോസ് റദ്ദാക്കിയിട്ടുണ്ട്. മണിപ്പൂരിലെ ഇംഫാലിൽ 150 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ക്യാൻസർ ഹോസ്പിറ്റൽ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് കമ്പനി.
ആരോഗ്യ സേവന ബിസിനസ് രംഗങ്ങൾ വിപുലീകരിക്കാൻ കാർകിനോസിനെ ഏറ്റെടുക്കുന്നതിലൂടെ സാധിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് പറഞ്ഞു.