വന്ദേഭാരതിലെ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: വന്ദേഭാരത് തീവണ്ടിയില്‍ കൊടുക്കുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരമുറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചു. കാലാവധി കഴിഞ്ഞ ജ്യൂസ് നല്‍കിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി. വന്ദേഭാരതില്‍ കാറ്ററിങ് ചുമതലയേല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി, യാത്രക്കാര്‍ക്കു കൊടുക്കുന്ന ഭക്ഷണത്തിന്റെ നിലവാരം റെയില്‍വേ നിരീക്ഷിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ റെയില്‍വേ ഒരുക്കുന്ന മികച്ചനിലവാരമുള്ള യാത്രാസൗകര്യത്തെ അഭിനന്ദിക്കുന്നതിനൊടൊ പ്പം നിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നതില്‍ ആശങ്കയുണ്ടെന്നും അറിയിച്ചു.മേയ് 25-ന് വന്ദേഭാരതില്‍ യാത്രചെയ്തവരാണ് പ്രഭാതഭക്ഷണത്തിനൊപ്പം കൊടുത്ത ജ്യൂസ് കാലഹരണപ്പെട്ടതായി പരാതി പറഞ്ഞതു.പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്സ് എന്ന കമ്പനിക്കാണ് മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരതില്‍ കാറ്ററിങ് ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്നാ ണ് റിപ്പോര്‍ട്ട്. ട്രെയിന്‍ ക്യാപ്റ്റനും സൂപ്പര്‍വൈസര്‍മാരും റെയില്‍വേ ഉദ്യോഗസ്ഥരും വന്ദേഭാരതില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കും.
‘മാസാ’ ജ്യൂസിന്റെ കാലാവധികഴിഞ്ഞതാണെന്ന് മനസ്സിലാക്കി നശിപ്പിച്ചു. കാലാവധി കഴിഞ്ഞ ജ്യൂസ് നല്‍കിയ ഏജന്‍സിക്ക് ഒരുലക്ഷം രൂപ പിഴചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് നടപടി.
