റെക്കോർഡുകൾ തകർത്ത് പുഷ്പ 2: ആദ്യ രണ്ട് ദിവസങ്ങളിൽ നേടിത് 417 കോടി

അല്ലു അർജുൻ നായകനായ പുഷ്പ 2 ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ സ്വന്തമാക്കിയതായി റിപ്പോർട്ട്. ഇന്ത്യ ടുഡേയുടെ വിവരപ്രകാരം, ചിത്രത്തിന്റെ ആദ്യ ദിന ഇന്ത്യൻ ബോക്സോഫീസ് വരുമാനം 175.1 കോടി രൂപയാണ്.
ആദ്യ രണ്ട് ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന റെക്കോർഡും പുഷ്പ 2 സ്വന്തമാക്കി. പ്രത്യേകിച്ച്, ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തെലുങ്ക് പതിപ്പിനെ മറികടന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ദിവസത്തോടെ ബോക്സോഫീസ് കളക്ഷൻ 417 കോടി രൂപയിൽ എത്തി.
പുഷ്പയുടെ ആദ്യ ഭാഗം ആഗോളതലത്തിൽ 350 കോടി രൂപ നേടിയത് രണ്ട് ദിവസത്തിനുള്ളിൽ പുഷ്പ 2 മറികടക്കുകയും ചെയ്തു. ഈ തുടർച്ചയോടെ സിനിമയുടെ മൊത്തം കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ബോക്സോഫീസ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.
കേരളത്തിലും ചിത്രം റെക്കോർഡുകൾ സൃഷ്ടിച്ചു. കേരളത്തിൽ നിന്ന് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ 6.35 കോടി രൂപയാണ്. ഒരു തെലുങ്ക് ഡബ്ബ് ചിത്രത്തിന്റെ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷനെന്ന ബാഹുബലി 2യുടെ 5.45 കോടി റെക്കോർഡാണ് പുഷ്പ 2 മറികടന്നത്.
ലോകമെമ്പാടുമുള്ള 12,500-ത്തിലധികം സ്‌ക്രീനുകളിൽ പുഷ്പ 2 പ്രദർശനത്തിനെത്തി. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി രൂപ സമാഹരിച്ചു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തു. ഇ ഫോർ എന്റർടെയ്ൻമെൻറസാണ് പുഷ്‌പ 2 കേരളത്തിലെത്തിക്കുന്നത്.