March 28, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരം; ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതി നൽകി

0
PTI12_18_2025_000284B

മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ഒമാന്റെ ആദരവ്. ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്കാരമാണ് ഒമാൻ സുൽത്താൻ മോദിക്ക് സമ്മാനിച്ചത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ സംഭാവനകൾ മാനിച്ചാണ് ഒമാൻ ബഹുമതി സമ്മാനിച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണു നരേന്ദ്ര മോദി ഒമാനിൽ എത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിലും ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ തന്ത്രപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. നേരത്തേ ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വച്ചു മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. മദീനത്തുൽ ഇർഫാൻ തിയറ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘സുഖമാണോ’ എന്നു മലയാളത്തിൽ ചോദിച്ച ശേഷമാണ് മോദി സംസാരിച്ചത്.

ഒമാനിൽ ധാരാളം മലയാളികൾ ഉണ്ടെന്നും തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇത്യോപ്യയിൽ എത്തിയ മോദിക്ക് ഇത്യോപ്യയുടെ പരമോന്നത ബഹുമതിയായ ‘ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് ഇത്യോപ്യ’ സമ്മാനിച്ചിരുന്നു. ഇന്ന് ഒമാൻ സമ്മാനിച്ച ബഹുമതി ഉൾപ്പെടെ 28 ലധികം രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതി നൽകി ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *