ബൈക്കിനെക്കാള്‍ ഭാരം കുറവ്; എയര്‍ബൈക്കുമായി പോളിഷ് കമ്പനി

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ സാധിക്കുന്ന എയര്‍ബൈക്ക് വികസിപ്പിച്ചെന്ന അവകാശവാദവുമായി പോളിഷ് കമ്പനി. പറക്കും വാഹനങ്ങള്‍ വികസിപ്പിക്കുന്ന വോളോനോട്ട് എന്ന കമ്പനിയുടെ സ്ഥാപകന്‍ തോമസ് പാറ്റന്‍ ആണ് എയര്‍ബൈക്ക് വികസിപ്പിച്ചത്.
ജെറ്റ് പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ വാഹനമാണിത്. സാധാരണ മോട്ടോര്‍സൈക്കിളിനേക്കാള്‍ ഏഴ് മടങ്ങ് ഭാരം കുറവാണ് എയര്‍ബൈക്കിനെന്നും കമ്പനി അവകാശപ്പെടുന്നു.നൂതന കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍, 3ഡി പ്രിന്റിംഗ്, മിനിമലിസ്റ്റിക് സമീപനം തുടങ്ങിയവയാണ് ബൈക്കിന്റെ ഭാരം കുറയ്ക്കുന്നത്. 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സവിശേഷമായ റൈഡിംഗ് പൊസിഷന്‍ റൈഡറെ പറക്കും യന്ത്രവുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ സഹായിക്കുകയും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ അനുഭൂതി നല്‍കുകയും ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എയര്‍ബൈക്കിന്റെ സാങ്കേതിക വിശദാംശങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് വാഹനത്തെക്കുറിച്ച് ഉയര്‍ന്നിട്ടുള്ളത്.ഉല്‍പ്പന്നവും അതിന്റെ അവതരണവും സംശയാസ്പദമായി തോന്നിയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ‘തലച്ചോറിന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. റോട്ടര്‍ ബ്ലേഡ് എവിടെ? ഇതൊരു ജെറ്റ് എഞ്ചിനാണോ?’ – സംശയം ഉന്നയിച്ച് മറ്റുചിലര്‍. മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. ബൈക്കിന്റെ ചെറിയ രൂപം അതിശയകരമാണെന്ന് ചിലര്‍ പ്രതികരിച്ചു. എന്തിനാണ് ഇത്ര നിലവാരം കുറഞ്ഞ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്? അത്തരം കാര്യങ്ങള്‍ സംശയം ഉണര്‍ത്തുന്നുവെന്നും ചിലര്‍ വ്യക്തമാക്കി.വോളോനോട്ട് എയര്‍ബൈക്ക് പുറത്തിറക്കിയത് സ്റ്റാര്‍ വാര്‍സ് ദിനം എന്ന് അറിയപ്പെടുന്ന മെയ് 4-നാണ്. അതെസമയം പ്രൊഡക്ഷന്‍ മോഡല്‍ എന്ന് വിപണിയിലെത്തുമെന്നോ വിലയോ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.