പവന് 60,200 രൂപ! സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപയുടെ വർധനവോടെ സ്വർണവില ആദ്യമായി 60,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 60,200 രൂപയാണ്. ഇതോടെ സ്വർണവില രണ്ടാം ദിവസവും തുടർച്ചയായി ഉയർന്നിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി 720 രൂപയോളം വർധനയുണ്ടായി. ജനുവരി ഒന്നിന് സ്വർണവില 57,200 രൂപയായിരുന്നു. പിന്നീട് രണ്ടാഴ്ചയ്ക്കുള്ളിൽ വില 59,000 രൂപയായി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഇത് 60,000 രൂപ കടന്നിരിക്കുന്നു.
ഇസ്രായേലും ഹമാസും ഞായറാഴ്ച വെടിനിർത്തൽ കരാറിൽ എത്തിയെങ്കിലും, അന്താരാഷ്ട്ര ഡോളർ വിലയുടെ കുത്തനെ വർധനവും ഇന്ത്യൻ രൂപയുടെ മൂല്യതകര്‍ച്ചയും സ്വർണവില ഉയരാൻ ഇടയാക്കി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,525 രൂപയും 18 കാരറ്റിന് 6,205 രൂപയുമാണ് വില.
വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ, ഹാൾമാർക്ക് വെള്ളിയുടെ ഗ്രാമിന് 99 രൂപയാണ് വിപണി നിരക്ക്.