കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന

കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്. പട്ന നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇത് കൂടുതൽ സഹായകരമാകുകയും ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അടുത്തിടെ പ്രഖ്യാപിച്ച പട്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ യാത്ര കൂടി ലക്ഷ്യമിട്ടാണ് പട്നയിൽ വാട്ടർ മെട്രോ സർവീസ് ഒരുങ്ങുന്നത്. വാട്ടർ മെട്രോയുടെ ടെർമിനലുകളിൽ ആധുനിക യാത്രാ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടുത്തും. കൂടാതെ, വായു, ശബ്ദ മലിനീകരണം എന്നിവ ഗണ്യമായി കുറയ്ക്കാനായി വൈദ്യുത ഫെറികളും സ്ഥാപിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കാനും ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.