സെബിയിൽ അവസരം, മാസം 70,000 രൂപ ശമ്പളം

രാജ്യത്തെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യിലേക്ക് യോഗ്യതയുള്ള പ്രൊഫഷണലുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെബി ബോര്‍ഡിനെ സെക്യുരിറ്റീസ് മാര്‍ക്കറ്റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ രംഗങ്ങളില്‍ സഹായിക്കാന്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ് ക്ഷണിച്ചിരിക്കുന്നത്. മുംബൈയിലാണ് ജോലി, 50 പേർക്കാണ് അവസരം ലഭിക്കുക. ആദ്യമായാണ് സെബി ഇത്തരത്തിൽ ഇന്റേൺഷിപ് അനുവദിക്കുന്നത്. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 70,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും.
കരാർ അടിസ്ഥാനത്തിൽ ആയതുകൊണ്ട് തന്നെ സെബിയിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ല. സെബിയിൽ ജോലി ചെയ്യുന്ന കാലയളവിൽ മറ്റൊരു ജോലി ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥയുമുണ്ട്. മാനേജ്മെന്റ് വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ്, അമേരിക്കയിലെ സി.എഫ്.എ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപെടുന്നവർ ഓഹരി വിപണിയിൽ നിക്ഷേപം നടത്താനോ ഓഹരി വിപണിയെപറ്റിയുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ പാടില്ലായെന്നും പറയുന്നു.