March 17, 2026

വിദ്യാഭ്യാസവായ്‌പ എണ്ണം കുറഞ്ഞു, തുക കൂടി

0
Vidyalaxmi

കഴിഞ്ഞ 10 വർഷത്തിനിടയിൽ വിദ്യാഭ്യാസവായ്പകളുടെ എണ്ണം കുറഞ്ഞു. എന്നാൽ, വായ്പത്തുക വർധിച്ചു. ഉന്നത വിദ്യാഭ്യാസച്ചെലവിലെ വർധനയും ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവായ്‌പ ലഭ്യത കുറയുന്നതുമാണ് ഇത് കാണിക്കുന്നതെന്ന് വിദ്യാഭ്യാസ പാർലമെന്ററി സമിതി നിരീക്ഷിച്ചു.2014-ൽ 23.36 ലക്ഷം വിദ്യാർഥികൾക്ക് വായ്പ ലഭിച്ചെങ്കിൽ 2025-ൽ ഇത് 20.63 ലക്ഷമായി കുറഞ്ഞതായി രാജ്യസഭയിൽ സമിതിവെച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, 2014-ൽ നൽകിയ 52,327 കോടി വായ്പ 2025-ൽ 1,37,474 കോടിയായി ഉയർന്നു. വിദ്യാഭ്യാസച്ചെലവുകൾ അതിവേഗം വർധിച്ചിട്ടും കാലക്രമേണ വിദ്യാഭ്യാസ വായ്പകളുടെ ലഭ്യത കുറഞ്ഞുവരുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സമിതി ആശങ്കപ്പെട്ടു.

ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസവായ്പകൾ അനുവദിക്കുന്നതിൽ മുൻഗണന നൽകാൻ ശ്രമിക്കണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പിനോടും ധനകാര്യവകുപ്പിനോടും സമിതി നിർദേശിച്ചു.ഈ വർഷം ഫെബ്രുവരി 25 മുതൽ ഓഗസ്റ്റ് 31 വരെ 55,887 അപേക്ഷകളാണ് പിഎം വിദ്യാ ലക്ഷ്മി പദ്ധതിപ്രകാരം ലഭിച്ചത്. 4427 കോടി രൂപ വായ്പയായും നീക്കിവെച്ചു. എന്നാൽ, 30,442 അപേക്ഷകളാണ് അംഗീകരിച്ചത്. നൽകിയ‌ത് 21,967 വായ്പക ളും. 688.27 കോടി രൂപ മാത്രമാ ണ് അനുവദിച്ചത്. നീക്കിവെച്ച വായ്പയായ 4427 കോടിയുടെ 15 ശതമാനം മാത്രമാണിതെന്നും അനുവദിച്ച വായ്പ വെട്ടിച്ചുരുക്കരുതെന്നും സമിതി നിർദേശിച്ചു. ഇക്കാലയളവിൽ പല ബാങ്കുകളും പിഎം വിദ്യാലക്ഷിപ്രകാരം വിദ്യാർഥികൾക്ക് വായ്പ നൽകിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

ദരിദ്രവിദ്യാർഥികളോടുള്ള ബാങ്കുകളുടെ ഹൃദയശൂന്യമായ സമീപനമാണിത് കാണിക്കുന്നത്. അതിനാൽ വിദ്യാഭ്യാസവായ്പ അനുവദിക്കുന്നതിന് കർശന മാർഗനിർദേശം കൊണ്ടുവരണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ്,ധനകാര്യവകുപ്പ്, റിസർവ് ബാങ്ക് എന്നിവയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിയുടെ പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഗ്രാമീണ പശ്ചാത്തലത്തിൽനിന്നും പിന്നാക്കവിഭാഗങ്ങളിൽനിന്നും വിദൂരപ്രദേശങ്ങളിൽനിന്നുമുള്ള ഭൂരിഭാഗം വിദ്യാർഥികൾക്കും പദ്ധതികളെക്കുറിച്ച് അറിയില്ല. പ്രാദേശികഭാഷകളിലും 22 ഷെഡ്യൂൾഡ് ഭാഷകളിലും ബോധവത്കരണം നടത്തണമെന്നും ആവശ്യപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *