ഇനി വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ സത്യസന്ധമാണോ എന്ന് തിരിച്ചറിയാം; പുത്തന്‍ ഫീച്ചര്‍ ഉടന്‍

മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിലൂടെ നമ്മള്‍ ദിവസവും നിരവധി ചിത്രങ്ങള്‍ സ്വീകരിക്കുന്നു. എന്നാല്‍ ഈ ഫോട്ടോകള്‍ യഥാര്‍ത്ഥമാണോ എന്നറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ പരിധിയില്ലാതായിരുന്നുവല്ലോ. ഇതുമൂലം വാട്‌സ്ആപ്പ് ഫോര്‍വേഡ് സന്ദേശങ്ങളില്‍ പലരും വഞ്ചിതരാകുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രശ്നത്തിന് ഇനി വാട്‌സ്ആപ്പില്‍ തന്നെ പരിഹാരം എത്തുകയാണ്.വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങളുടെ സത്യസന്ധത പരിശോധിക്കാന്‍ പുതിയൊരു സവിശേഷത പരീക്ഷണത്തിലാണ്. ഫോട്ടോകള്‍ വാട്‌സ്ആപ്പില്‍ തന്നെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ സാധിക്കുന്ന ഒരു ഫീച്ചര്‍ മെറ്റ വികസിപ്പിക്കുന്നു എന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 2.24.23.13 ബീറ്റാ വേര്‍ഷനിലാണ് ‘സെര്‍ച്ച് ഓണ്‍ വെബ്’ എന്ന ഈ ഫീച്ചര്‍ പരീക്ഷണം നടക്കുന്നത്.ഫോട്ടോകള്‍ ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് നേരിട്ട് സമര്‍പ്പിക്കാന്‍ സാധിക്കുന്ന ഈ ഫീച്ചര്‍ വാട്‌സ്ആപ്പിനെ ഗൂഗിളുമായി ബന്ധിപ്പിക്കുന്നു. ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ബ്രൗസറിലേയ്ക്ക് പോയി ഗൂഗിള്‍ ഇമേജസില്‍ അപ്‌ലോഡ് ചെയ്യാതെ തന്നെ വാട്‌സ്ആപ്പില്‍ തന്നെ ചിത്രങ്ങള്‍ക്ക് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്താവുന്ന സംവിധാനം ‘സെര്‍ച്ച് ഓണ്‍ വെബ്’ എന്ന ഫീച്ചറിലൂടെ ലഭ്യമാക്കുന്നു. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണോ തെറ്റിദ്ധരിപ്പിക്കുന്നതോ രൂപം മാറ്റിയതോ ആണോ എന്ന് ഇനി എളുപ്പത്തില്‍ പരിശോധിക്കാന്‍ സാധിക്കുന്ന ഈ ഫീച്ചര്‍ വാട്‌സ്ആപ്പിലെ ചിത്രങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കൂട്ടാന്‍ സഹായകരമാകും. വാട്‌സ്ആപ്പില്‍ ഒരു ചിത്രം തുറന്ന ശേഷം വലതുവശത്തെ മൂന്ന് ഡോട്ടുകള്‍ ക്ലിക്ക് ചെയ്താല്‍ ‘സെര്‍ച്ച് ഓണ്‍ വെബ്’ ഓപ്ഷന്‍ ഉടനെ ലഭ്യമാകും.