കൊച്ചി വിമാനത്താവളത്തിൽ ഇനി ക്യൂ വേണ്ട; യാത്രക്കാർക്കായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ കിയോസ്കുകൾ
വിദേശയാത്രകൾക്ക് പോകുന്നവർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വളരെ വേഗത്തിൽ യാത്ര ചെയ്യാൻ കൊച്ചി വിമാനത്താവളത്തിൽ പുതിയ സൗകര്യം ഒരുങ്ങുന്നു. വിദേശ യാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഭാരത സർക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയായ, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് ഓഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ സജ്ജമാകുന്നത്. നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണ് ഈ സൗകര്യം.
ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ ചേരുന്നതിലൂടെ ഇന്ത്യൻ പൗരന്മാർക്കും ‘ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ’ കാർഡ് ഉള്ളവർക്കും അവരുടെ യാത്രകൾ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ കഴിയും. നിലവിൽ ഈ സംവിധാനം രാജ്യത്തെ 8 അന്തരാഷ്ട്ര വിമാനത്താവളങ്ങങ്ങളായ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ. അഹമ്മദാബാദ്, കൊൽക്കത്ത ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ മറ്റു എയർപോർട്ടുകളിലും ഈ സൗകര്യം ഉടൻ നിലവിൽ വരും.
