എല്ലാ സ്മാർട്ട്ഫോണുകളിലും ഇനിമുതൽ നെറ്റ്ഫ്ലിക്സ് ലഭ്യമാവില്ല

നെറ്റ്ഫ്ലിക്‌സ് ഇനി എല്ലാ സ്മാർട്ട്‌ഫോണുകളിലും ലഭ്യമാവില്ല; പ്രത്യേകിച്ച് ചില മോഡലുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. മാക്‌റൂമേഴ്‌സിന്റെ റിപ്പോർട്ടുകൾ പ്രകാരം, പഴയ ചില ഐഫോണുകളിലും ഐപാഡുകളിലും ഇനി നെറ്റ്ഫ്ലിക്‌സ് സേവനം ലഭ്യമാകില്ല. ഐഒഎസ് 17, ഐപാഡ് ഒഎസ് 17 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ലഭിക്കുന്ന ഐഫോണുകളും ഐപാഡുകളും അല്ലെങ്കിൽ അവയ്ക്കു ശേഷമുള്ള മോഡലുകളിലാണ് ഇനി മുതൽ നെറ്റ്ഫ്ലിക്‌സ് ആപ്പ് ഉപയോഗിക്കാനാകുക.ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 10, ഐപാഡ് പ്രോ (ഒന്നാം തലമുറ), ഐപാഡ് (അഞ്ചാം തലമുറ) തുടങ്ങിയ മോഡലുകൾക്ക് ഈ മാറ്റം ബാധകമാകും. ഈ ഉപകരണങ്ങൾ ഐഒഎസ് 16, ഐപാഡ് ഒഎസ് 16 എന്നിവയ്ക്ക് മുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയില്ല. കൂടാതെ, ഈ ഫോണുകളിലും ടാബ്ലറ്റുകളിലും നെറ്റ്ഫ്ലിക്‌സ് ആപ്പിൽ പുതുക്കലുകൾ, ഫീച്ചറുകൾ, ബഗ് പരിഹാരങ്ങൾ എന്നിവ ലഭ്യമാകില്ല. എങ്കിലും നിലവിലുള്ള ആപ്പ് അവയിൽ പ്രവർത്തിക്കുന്നതാകും, മാത്രമല്ല വെബ് ബ്രൗസറിലൂടെ നെറ്റ്ഫ്ലിക്‌സ് സേവനം ഉപയോഗിക്കാനും കഴിയും.പുതിയ സോഫ്റ്റ്‌വെയറുകളിലേക്ക് മാറുന്നതിന്‍റെ ഭാഗമായിട്ടാണ് ആപ്പ് ഡെവലപ്പർമാർ ഇത്തരം തീരുമാനങ്ങൾ എടുക്കാറുള്ളത്. ആപ്പ് ഉപയോഗിക്കുന്നതിനുള്ള അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. നെറ്റ്ഫ്ലിക്‌സ് ആപ്പിന്റെ കോഡിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിച്ച് മാക്‌റൂമേഴ്‌സാണ് ആദ്യമായി ഇത് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക പ്രഖ്യാപനം കമ്പനി ഇതുവരെ നടത്തിയിട്ടില്ല, എങ്കിലും ഉടൻ പ്രഖ്യാപനം പ്രതീക്ഷിക്കാം. നെറ്റ്ഫ്ലിക്‌സ് ആപ്പിന്റെ ഭാവിയിലേക്കുള്ള അപ്ഡേറ്റുകൾ ആസ്വദിക്കണമെങ്കിൽ ഉപഭോക്താക്കൾക്ക് ഐഒഎസ് 17 പ്രവർത്തിക്കുന്ന ഡിവൈസുകളിലേക്ക് മാറേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.