June 8, 2025

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള എ.ഐ. അസിസ്റ്റന്റുമായി മൈക്രോസോഫ്റ്റ്

0
ai-assistant-doctor

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന എ.ഐ. അസിസ്റ്റന്റിനെ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ഡ്രാഗണ്‍ കോപൈലറ്റ് എന്നാണ് മൈക്രോസോഫ്റ്റിന്റെ എ.ഐ യായ ‘ആരോഗ്യ സഹായി’ക്ക് പേര് നൽകിയിരിക്കുന്നത്. ഡ്രാഗണ്‍ കോപൈലറ്റ്, മൈക്രോസോഫ്റ്റ് ക്ലൗഡ് ഫോര്‍ ഹെല്‍ത്ത്‌കെയറിന്റെ ഭാഗമാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് നുവാന്‍സ് എന്ന എ.ഐ. വോയിസ് കമ്പനിയില്‍ നിന്നുള്ള സാങ്കേതികവിദ്യയാണ്. 2021-ല്‍ 1600 കോടി ഡോളര്‍ ചിലവിട്ട് മൈക്രോസോഫ്റ്റ് നുവാന്‍സിനെ വാങ്ങിയിരുന്നു.ഡോക്ടര്‍മാര്‍ക്ക് പലതരത്തിലുള്ള സഹായങ്ങള്‍ നല്‍കാന്‍ ഡ്രാഗണ്‍ കോപൈലറ്റിനെ കൊണ്ട് സാധിക്കും.

ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണം തത്സമയം രേഖപ്പെടുത്തുക, പലഭാഷകളില്‍ പിന്തുണ നല്‍കുക, ടാസ്‌കുകള്‍ ഓട്ടോമേറ്റ് ചെയ്യുക മുതലായവ ഡ്രാഗണ്‍ കോപൈലറ്റിനെ കൊണ്ട് കഴിയുമെന്ന് മൈക്രോസോഫ്റ്റ് ബ്ലോഗില്‍ വ്യക്തമാക്കി. കൂടാതെ വിശ്വസിനീയമായ ഉറവിടങ്ങളില്‍ നിന്ന് മെഡിക്കല്‍ വിവരങ്ങള്‍ തിരഞ്ഞ് കണ്ടെത്താനും ഇത് ഡോക്ടര്‍മാരെ സഹായിക്കും.

മറ്റുകാര്യങ്ങളില്‍ നിന്ന് സ്വതന്ത്രരാക്കി രോഗികളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ എ.ഐ. ഡോക്ടര്‍മാരെ സഹായിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് മൈക്രോസോഫ്റ്റ് ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സൊല്യൂഷന്‍സ് ആന്‍ഡ് പ്ലാറ്റ്‌ഫോംസിന്റെ കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് ജോ പെട്രോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *