മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കല്‍ ഇൻഷ്വറൻസ് പദ്ധതിയുടെ (മെഡിസെപ്) പ്രതിമാസ പ്രീമിയം തുക 750 രൂപയാക്കി വർദ്ധിപ്പിക്കും.500 രൂപയായിരുന്നു നിലവില്‍ പ്രതിമാസ പ്രീമിയം തുക. അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ പ്രതിവർഷം ലഭിക്കും. മൂന്നു ലക്ഷമായിരുന്നു നിലവില്‍ ഇൻഷ്വറൻസ് പരിരക്ഷ. അതെസമയം പോളിസി കാലയളവ് നിലവിലുള്ള മൂന്നു വർഷത്തില്‍നിന്ന് രണ്ടു വർഷമാക്കി കുറയ്ക്കും.
രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർധനയുണ്ടാകും. മന്ത്രിസഭാ യോഗം മെഡിസെപിന്‍റെ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കി. 2100ലധികം ചികിത്സാ പ്രക്രിയകള്‍ 41 സ്പെഷാലിറ്റി ചികിത്സകള്‍ക്കായി അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും.
മെഡിസെപ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന കാർഡിയാക് റെസിക്രോണിസേഷൻ തെറാപ്പി-ആറു ലക്ഷം, ഐസിഡി ഡ്യുവല്‍ ചേംബർ- അഞ്ചു ലക്ഷം തുടങ്ങിയവ അധിക പാക്കേജില്‍പെടുത്തും. കാല്‍മുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ അടിസ്ഥാന ബെനിഫിറ്റ് പാക്കേജില്‍ ഉള്‍പ്പെടുത്തും.