ദക്ഷിണാഫ്രിക്കയിലെ വാഹന ഉല്പാദനം വർധിപ്പിക്കാനുള്ള സാധ്യതകള്‍ വിലയിരുത്താന്‍ മഹീന്ദ്ര

ദക്ഷിണാഫ്രിക്കയിലെ വാഹന ഉല്‍പ്പാദനം വർധിപ്പിക്കാനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനായി മഹീന്ദ്ര ഓട്ടോമോട്ടീവ് കമ്പനി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ദശകത്തിലേക്ക് കടക്കുമ്പോള്‍, ക്വാസുലു-നടാല്‍ പ്രവിശ്യയിലെ എ.ഐ.എച്ച് ലോജിസ്റ്റിക്സിന്റെ അസംബ്ലി സൗകര്യത്തില്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്. മഹീന്ദ്ര ദക്ഷിണാഫ്രിക്കയെ കമ്പനിയുടെ ‘രണ്ടാമത്തെ വീട്’ എന്നാണ് പലപ്പോഴും വിശേഷിപ്പിക്കുന്നത്. പുതിയ ധാരണാപത്രം പ്രാദേശിക അസംബ്ലി ശേഷികള്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സഹായിക്കുമെന്ന് മഹീന്ദ്ര സൗത്ത് ആഫ്രിക്കയുടെ സിഇഒ രാജേഷ് ഗുപ്ത പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ വ്യാവസായിക വളര്‍ച്ചാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുതിയ പഠനം രാജ്യത്തിന്റെ ഓട്ടോമോട്ടീവ് ലാൻഡ്സ്കേപ്പിലേക്ക് കൂടുതല്‍ ആഴത്തിൽ വിലയിരുത്താന്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വാഹനങ്ങളിലൂടെ, പ്രത്യേകിച്ച് ജാപ്പനീസ്, യൂറോപ്യന്‍ ബ്രാന്‍ഡുകളെ മറികടക്കുന്ന പിക്കപ്പ് വേരിയന്റുകളുടെ വില്‍പ്പനയിലൂടെ, മഹീന്ദ്ര ദക്ഷിണാഫ്രിക്കയിലെ വേഗത്തിൽ വളരുന്ന ബ്രാന്‍ഡുകളിലൊന്നായി മാറിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയുടെ ഓട്ടോമോട്ടീവ് വ്യവസായം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍, കയറ്റുമതി വിപണിയുടെ സാധ്യതകള്‍, തൊഴില്‍ ശക്തിയുടെ വികസനം, വിതരണ ശൃംഖല അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പുതിയ പഠനത്തില്‍ ഉള്‍പ്പെടുത്തും. ലോജിസ്റ്റിക്സ് സംവിധാനങ്ങളും വിതരണ ശൃംഖലയുടെ സാധ്യതകളും പഠനം വിലയിരുത്തുമെന്നും കമ്പനി അറിയിച്ചു.