ഭാരത് എന്‍ക്യാപിന്റെ സുരക്ഷാ റേറ്റിങില്‍ ചരിത്രം സൃഷ്ടിച്ച് മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍

കൊച്ചി: ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമില്‍ (ഭാരത് എന്‍ക്യാപ്) മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ ഇ-എസ്യുവികളായ ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ് കരസ്ഥമാക്കി. സുരക്ഷയുടെ അടിസ്ഥാനത്തില്‍ കാറുകള്‍ക്ക് റേറ്റിങ് നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ സംവിധാനമാണ് ഭാരത് എന്‍ക്യാപ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഏറ്റവും മികച്ച സ്കോറോടെയാണ് ഇരു വേരിയന്റുകളും 5 സ്റ്റാര്‍ റേറ്റിങ് നേട്ടം സ്വന്തമാക്കിയത്.
അഡല്‍റ്റ് ഒക്യുപെന്റ് പ്രൊട്ടക്ഷനില്‍ (എഒപി) 32ല്‍ 32 സ്കോറും എക്സ്ഇവി 9ഇ കരസ്ഥമാക്കി. ബിഇ 6 32ല്‍ 31.97 സ്കോര്‍ നേടി. ചൈല്‍ഡ് ഒക്യുപെന്റ് പ്രൊട്ടക്ഷന്‍ ടെസ്റ്റില്‍ ഇരു മോഡലുകളും 49ല്‍ 45ഉം സ്കോര്‍ ചെയ്തു. പുതിയ ഇലക്ട്രിക് യുഗത്തിലേക്ക് സുരക്ഷിതമായ എസ്യുവികള് നിര്‍മിക്കുന്നതിനുള്ള കമ്പനിയുടെ പൈതൃകം വഹിക്കുന്ന മഹീന്ദ്രയുടെ ആദ്യത്തെ ഇലക്ട്രിക് ഒറിജിന്‍ ഇ-എസ്യുവികളാണിത്.
ഇതോടെ ഭാരത് എന്‍ക്യാപ് റേറ്റിങ് നേടിയ എസ്യുവികളില് ഇന്ത്യന്‍ റോഡുകളിലെ ഏറ്റവും സുരക്ഷിതമായ എസ്യുവികളായി മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍ മാറി. മഹീന്ദ്രയുടെ ഥാര്‍ റോക്സ്, എക്സ്യുവി 3എക്സ്ഒ, എക്സ്യുവി 400 എന്നീ മോഡലുകളും അടുത്തിടെ ഭാരത് എന്‍ക്യാപ് സ്കെയിലില്‍ മികച്ച റേറ്റിങ് നേടിയിരുന്നു. എക്സ്യുവി 700, സ്കോര്‍പിയോ എന്‍ എന്നിവ ഗ്ലോബല്‍ എന്‍ക്യാപ് സ്കെയിലിന് സമാനമായ 5 സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുണ്ട്. ബിഇ 6, എക്സ്ഇവി 9ഇ എന്നിവ മഹീന്ദ്രയ്ക്ക് മാത്രമല്ല ഇന്ത്യയിലെ ഓട്ടോമോട്ടീവ് സുരക്ഷയിലും ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍ഡ് പ്രൊഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ആര്. വേലുസാമി പറഞ്ഞു.
ഭാരത് എന്‍ക്യാപ് പരിശോധകള്‍ വാഹന ഗതാഗതത്തിലെ സുരക്ഷയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ്. സുരക്ഷയുടെ കാര്യത്തില്‍ മഹീന്ദ്ര ഓട്ടോമോട്ടീവ് എന്നും മുന്‍പന്തിയില്‍ തുടരുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡാസ്, എമര്‍ജന്‍സി ബ്രേക്കിംഗ്, ഏഴ് എയര്‍ ബാഗുകള്‍ തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങളിലുള്ളത്.