ലുലു റീട്ടെയ്‌ല്‍ EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം സ്വന്തമാക്കി
അബുദാബി: നിക്ഷേപക രംഗത്തെ മികവിന് നല്‍കുന്ന ഏറ്റവും വലിയ അവാർഡുകളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം ലുലു റീട്ടെയ്‌ല്‍ സ്വന്തമാക്കി.മികച്ച നിക്ഷേപക പങ്കാളിത്തവും ആദ്യ സാമ്പത്തിക പാദ ത്തിലെ മികച്ച വളർച്ചയും വിലയിരുത്തിയാണ് അവാർഡ്. ലുലു റീട്ടെയ്‌ലിനെ ഈ നേട്ടത്തിന് അർഹരാക്കിയത് ലുലുവിന്‍റെ പ്രാരംഭ ഓഹരി വില്‍പ്പനയുടെ ഘട്ടത്തില്‍ ലഭിച്ച മികച്ച സബ് സ്ക്രിപ്ഷനും, സമാഹരണവും, വിപണിമൂല്യവുമാണ്.
യൂറോപ്പ്, ആഫ്രിക്ക,മിഡില്‍ ഈസ്റ്റ് മേഖലയിലെ നിക്ഷേപക വിപണിയിലെ മുൻനിര പുരസ്കാരങ്ങളില്‍ ഒന്നാണ് EMEA ഫിനാൻസ് മാഗസിൻ ഏർപ്പെടുത്തുന്ന EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ലുലു സിഇഒ സെയ്ഫി രൂപാവാല, സിഎഫ്‌ഒ പ്രസാദ് കെ.കെ, ഗ്രൂപ്പ് കമ്പനി സെക്രട്ടറി നിധിൻ ജോസ് തുടങ്ങിയവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ലുലുവില്‍ നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്‍റെ പ്രതീകമാണ് ഈ പുരസ്‌കാരമെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടങ്ങള്‍ ഉറപ്പാക്കുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. മികച്ച വളർച്ചാനുപാതമാണ് ഉള്ളതെന്നും കൂടുതല്‍ വിപുലമായ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും അദേഹം പറഞ്ഞു.
