300 കോടി കലക്ഷന്‍; ചരിത്ര നേട്ടവുമായി ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’
ആഗോള തലത്തില്‍ 300 കോടി കലക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായി കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. നേരത്തെ, ‘എമ്പുരാനെ’ പിന്നിട്ട് മലയാളത്തിലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രമായി ‘ലോക’ മാറിയിരുന്നു. ഇതോടെ മലയാളത്തിലെ സകല റെക്കോര്‍ഡുകളും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഈ ചിത്രം പിഴുതെറിഞ്ഞു കളഞ്ഞു.
അഞ്ചാംവാരത്തിലും ഇരുന്നൂറിലധികം സ്‌ക്രീനുകളിലായി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍നിന്ന് മാത്രം ചിത്രം 120 കോടിയിലേറെ നേടിയതായാണ് റിപ്പോര്‍ട്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ ആഗോള തലത്തില്‍ കണ്ട മലയാള ചിത്രമായി മാറിയ ‘ലോക’, കേരളത്തിലെ തിയറ്ററുകളില്‍നിന്ന് മാത്രം ആദ്യമായി 50,000 ഷോകള്‍ പിന്നിടുന്ന ചിത്രമായും മാറി. ഒരു കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോളതലത്തില്‍ കണ്ടത്. റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്നും 60 കോടിയോളമാണ് ചിത്രം നേടിയ ഗ്രോസ്.
