കേരളത്തിന്റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ആഗോള മാതൃക: ചാർമേരി മെയ്ൽജ്
തിരുവനന്തപുരം: കേരളത്തിന്റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭത്തിന് ശ്രീലങ്കയിൽ നിന്ന് പ്രശംസ. സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങളെ കുറിച്ച് ശ്രീലങ്കൻ ടൂറിസം ബ്യൂറോയുടെ മുൻ മാനേജിംഗ് ഡയറക്ടർ ചാർമേരി മെയ്ൽജ് ‘എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു മാനദണ്ഡ മാതൃക’ എന്നാണ് അഭിപ്രായപ്പെട്ടത്.
എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രീലങ്കയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മെയ്ൽജ്. ടൂറിസം വികസന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ സജീവപ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മാതൃക കേരളം സൃഷ്ടിക്കുകയാണെന്ന് ശ്രീലങ്കയിലെ പ്രമുഖ ബിസിനസ് പത്രമായ ഡെയ്ലി എഫ്ടിയിലെ ലേഖനത്തിൽ ചാർമേരി മെയ്ൽജ് വ്യക്തമാക്കി.
