ഐഫോണ്‍ എസ്ഇ 4യുടെ ആകർഷക വിലയും ഫീച്ചറുകളും; ഐഫോണ്‍ 16ന് ഭീഷണിയാകുമോ?

കാലിഫോര്‍ണിയ: ആപ്പിളിന്റെ ബജറ്റ്-ഫ്രണ്ട്ലി സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ 4 അടുത്ത വർഷം മാർച്ചിൽ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 48 മെഗാപിക്സൽ ക്യാമറ, പുതിയ ഇന്റലിജൻസ് ഫീച്ചറുകൾ, ഉയർന്ന ശേഷിയുള്ള ബാറ്ററി എന്നിവയുമായി എത്തുന്ന ഈ മോഡൽ, ഈ വർഷം പുറത്തിറങ്ങിയ ഐഫോൺ 16ന് തന്നെ വെല്ലുവിളിയാകുമോ എന്നാണ് ഇപ്പോള്‍ ഉള്ള ചോദ്യം. റിപ്പോർട്ടുകൾ പ്രകാരം, ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള ഫീച്ചറുകൾ, ബജറ്റ് ഫ്രണ്ട്ലി നിരക്കിൽ ഐഫോൺ എസ്ഇ 4-ൽ ലഭ്യമാകുമെന്നാണ് സൂചന. ഐഫോൺ 16 സീരീസിൽ ലഭ്യമായ ആക്ഷൻ ബട്ടൺ, ആപ്പിള്‍ ഇന്റലിജൻസ് എന്നിവയും എസ്ഇ 4-ൽ പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ, ഫേസ്-ഐഡി, ഐഫോൺ 14 മോഡൽ രൂപകൽപ്പന, 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, 48 എംപി പ്രധാന ക്യാമറ, 12 എംപി സെൽഫി ക്യാമറ, 3,279 എംഎഎച്ച് ബാറ്ററി, എ18 ചിപ്പ്, 8 ജിബി റാം എന്നിവ ഉൾപ്പെടുമെന്നാണ് കരുതുന്നത്. എസ്ഇ സീരീസിൽ ആദ്യമായി ഫേസ്-ഐഡി ഉൾപ്പെടുത്തുന്നതും ഈ മോഡലിന്റെ ആകർഷണങ്ങളിൽ ഒന്നാണ്. 50,000 രൂപയിൽ താഴെ വിലയ്ക്ക് ഇന്ത്യയിൽ ലഭ്യമാകാൻ സാധ്യതയുള്ള ഈ മോഡൽ ഐഫോൺ 16-നെതിരെ വലിയ ചോദ്യചിഹ്നം ഉയർത്തും.
ഐഫോൺ 16 സീരീസ്
2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 16 സീരീസിൽ നാല് മോഡലുകളുണ്ട്: ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ്. ഇന്ത്യയിൽ ഈ മോഡലുകൾക്ക് ക്രമമായി 79,900, 89,900, 1,19,900, 1,44,900 രൂപ എന്നിങ്ങനെയാണ് വില. 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ ഉള്ള ഐഫോൺ 16, ആപ്പിള്‍ ഇന്റലിജൻസ് ഉൾപ്പെടെ, നിരവധി പ്രധാന സവിശേഷതകൾ കൈവരിച്ചിട്ടുണ്ട്. പുതിയ ക്യാമറ ബട്ടൺ, 48 എംപി ക്യാമറ, 2x ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്രാവൈഡ് ക്യാമറ, 12 എംപി ട്രൂഡെപ്ത് സെൽഫി ക്യാമറ എന്നിവയാണ് ഈ സീരീസിന്റെ ആകർഷണങ്ങൾ.