ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.49% ആയി കുതിച്ചുയര്‍ന്നു

ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.49 ശതമാനമായി ഉയർന്നു, 2024ലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. പച്ചക്കറിയുടെ വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പം കുതിച്ചുയരാന്‍ പ്രധാന കാരണം. ജൂലൈ മാസത്തിനുശേഷം ആദ്യമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം എത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ 3.65 ശതമാനമായിരുന്നു പണപ്പെരുപ്പം, അത് കഴിഞ്ഞ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായിരുന്നു.പണപ്പെരുപ്പം കുറയാന്‍ സഹായിച്ച ഘടകങ്ങള്‍ സെപ്റ്റംബറില്‍ പാളിപ്പോയതാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും നിലവില്‍ ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2-6 ശതമാനത്തിലുള്ള ടോളറന്‍സ് പരിധിക്കുള്ളിലാണ് തുടരുന്നത്. ഭക്ഷ്യ വില വര്‍ധനയാണ് സെപ്റ്റംബര്‍ മാസത്തെ പ്രധാന പണപ്പെരുപ്പത്തിന്റെ വേഗത വര്‍ധിപ്പിച്ചത്. ഓഗസ്റ്റില്‍ 5.66 ശതമാനമായിരുന്ന ഭക്ഷ്യ പണപ്പെരുപ്പം സെപ്റ്റംബറില്‍ 9.24 ശതമാനമായും, ഗ്രാമീണ പണപ്പെരുപ്പം 4.16 ശതമാനത്തില്‍ നിന്ന് 5.87 ശതമാനമായും ഉയര്‍ന്നു. നഗര മേഖലയില്‍ 3.14 ശതമാനമെന്നിരുന്ന പണപ്പെരുപ്പം 5.05 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.