ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 11.4% വര്‍ധിച്ചു

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 11.4 ശതമാനം ഉയര്‍ന്ന് 9.85 ബില്യണ്‍ ഡോളറിലെത്തി. മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ അടുത്ത കാലത്ത് കൂടുതല്‍ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എഇപിസി) അറിയിച്ചു. ”കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ പിന്തുണയോടുള്ള നയചട്ടക്കൂടിനൊപ്പം ഇന്ത്യ വളര്‍ച്ചയുടെ നേട്ടങ്ങള്‍ കൊയ്യാന്‍ ഒരുങ്ങുകയാണ്. എന്‍ഡ്-ടു-എന്‍ഡ് മൂല്യ ശൃംഖല ശേഷി, അസംസ്‌കൃത വസ്തുക്കളുടെ ശക്തമായ അടിത്തറ, ഫാക്ടറികള്‍ എന്നിവയിലൂടെ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സുസ്ഥിരമായ ഉത്തരവാദിത്ത ബിസിനസ് രീതികളുടെ പ്രയോജനം ഇന്ത്യയ്ക്ക് ഗണ്യമായ വളര്‍ച്ച നേടാന്‍ സഹായിക്കും,” എഇപിസി ചെയര്‍മാന്‍ സുധീര്‍ സെഖ്രി പറഞ്ഞു. മെയ്ഡ്-ഇന്‍-ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ആഗോള ബ്രാന്‍ഡുകളുടെ വിശ്വാസം വര്‍ധിക്കുന്നതിന്റെ നേട്ടം ഈ വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നു. പ്രത്യേകിച്ചും ഉത്സവ സീസണില്‍ ഉയര്‍ന്ന ഡിമാന്‍ഡാണ് ഈ വളര്‍ച്ചയെ ഗണ്യമായി സഹായിച്ച പ്രധാന ഘടകം. ഇന്ത്യയുടെ പൂര്‍ണ ടെക്‌സ്റ്റൈല്‍ മൂല്യ ശൃംഖലയെ ഒരുമിച്ച് കാണാനുള്ള വലിയ പ്ലാറ്റ്ഫോമായ ഭാരത് ടെക്‌സ് എക്സ്പോ 2025-ല്‍ അന്താരാഷ്ട്ര ബയര്‍മാരുടെ സജീവ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് സെഖ്രി അഭ്യര്‍ത്ഥിച്ചു.