ഇന്ത്യയുടെ കാവേരി എൻജിൻ നിർണായക പരീക്ഷണത്തിനൊരുങ്ങുന്നു
ഇന്ത്യൻ തദ്ദേശീയതയിൽ വികസിപ്പിച്ച കാവേരി എൻജിൻ അടുത്ത ഘട്ടത്തിൽ നിർണായകമായ പറക്കൽ പരീക്ഷണം നടത്താൻ ഒരുങ്ങുന്നു. റഷ്യയിൽ വെച്ച് നടക്കുന്ന പരീക്ഷണത്തിൽ, റഷ്യൻ ഇല്യൂഷൻ-76 വിമാനത്തിൽ എൻജിൻ ഘടിപ്പിച്ചാണ് പരിശോധന നടത്തുക. ഒരു മാസം നീളുന്ന പരീക്ഷണത്തിലൂടെ എൻജിന്റെ പ്രവർത്തനക്ഷമതയും ത്രസ്റ്റും വിലയിരുത്തും.
ഇതിനകം 140 മണിക്കൂറിലേറെ ഗ്രൗണ്ട് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. 70 മണിക്കൂറിന്റെ പരീക്ഷണങ്ങൾ ഇന്ത്യയിലെ ഗ്യാസ് ടർബൈൻ റിസർച്ചിൽ നടന്നപ്പോൾ, റഷ്യയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എവിയേഷൻ മോട്ടോഴ്സിൽ ആൾട്ടിറ്റ്യൂഡ് ടെസ്റ്റുകൾ പൂർത്തിയാക്കി. അടുത്ത് 40,000 അടി ഉയരത്തിൽ പറക്കൽ പരീക്ഷണമാണ് നടക്കുക.
ഇല്യൂഷൻ-76 വിമാനത്തിലെ നാലിൽ ഒരന്ന് എൻജിനെ മാറ്റി കാവേരി എൻജിൻ സ്ഥാപിച്ച് പരിശോധന നടത്തും. എൻജിന്റെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഫ്യൂവൽ സംവിധാനങ്ങൾ പരിശോധിച്ചും, തത്സമയ ഡാറ്റ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് കൈമാറിയും പ്രവർത്തനക്ഷമത വിലയിരുത്തും. പറക്കൽ പരീക്ഷണത്തിന് മുമ്പ് ടാക്സി ട്രയലുകൾ നടത്തിയ ശേഷം എൻജിന്റെ പ്രകടനം ഉറപ്പാക്കും.
കാവേരി എൻജിൻ ആഫ്റ്റർബർണർ ഇല്ലാതെ 49-51 കിലോ ന്യൂട്ടൺ ത്രസ്റ്റ് ഉൽപ്പാദിപ്പിക്കുന്നു, ഇത് 13 ടൺ ഭാരമുള്ള ഘാതക് ഡ്രോണുകൾക്ക് അനുയോജ്യമാണെന്ന് കരുതുന്നു. ആഫ്റ്റർബർണർ ഉപയോഗിച്ച് 73-75 കിലോ ന്യൂട്ടൺ ത്രസ്റ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് തേജസ് യുദ്ധവിമാനങ്ങൾക്കും അനുയോജ്യമാണ്. റഷ്യൻ പരീക്ഷണം വിജയകരമായി പൂർത്തിയാകുന്നുവെങ്കിൽ, എൻജിൻ ഉത്പാദനം ആരംഭിക്കാനുള്ള നടപടികൾ ആരംഭിക്കും.
