ഇളനീരിന് വിപണിയില്‍ വൻവില

സംസ്ഥാനത്ത് ഇളനീരിന് അനിയന്ത്രിതമായ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. റമദാൻ വിപണിയില്‍ ഇളനീരിനും ആവശ്യക്കാർ ഏറെയാണ്. പലരും നോമ്പുതുറക്കാൻ ഉപയോഗിക്കുന്നത് ഇളനീരാണ്.കൂടാതെ പൊള്ളുന്ന ചൂടില്‍ ആശ്വാസം നേടാൻ ഇളനീർ വാങ്ങുന്നവരും വർധിച്ചിട്ടുണ്ട്. എന്നാല്‍ ഇളനീർ വിപണിയിലും ചൂഷണമുണ്ട്. 35, 40 രൂപയുണ്ടായിരുന്ന ഇളനീരിന് ഇപ്പോഴത്തെ വില 50 രൂപയോളമാണ്.
കർണാടകയില്‍ നിന്ന് വരുന്ന ചെറിയ ഇനം ഇളനീരാണ് പഴവർഗങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഉള്ളത്. ഒരു ഇളനീരില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.നേരത്തെ ഉണ്ടായിരുന്ന വലിയ നാടൻ ഇളനീരുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. റമദാൻ സീസണ് തുടങ്ങിയതോടെ ആവശ്യക്കാർ ഏറിയതും, ലഭ്യത കുറഞ്ഞതും വില വർധനവിന് കാരണമായി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇത് ഉപഭോക്താക്കളുടെ പോക്കറ്റ് ചോർത്തുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്.